എകെ ശശീന്ദ്രന്റെ രാജിയിലേയ്ക്ക് നയിച്ച ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് അധാര്‍മ്മിക മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ പേരിലാണ് അജിത് കുമാറിനെ കെയുഡബ്ല്യുജെ പുറത്താക്കിയത് വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെയുഡബ്ല്യുജെ.
മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ ആര്‍ അജിത്ത് കുമാറിന്‍റെ അംഗത്വം പുതുക്കേണ്ടതില്ലെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) തീരുമാനം. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. അതേസമയം ചാനല്‍ സിഇഒ ആയതിനാല്‍ പത്രപ്രവര്‍ത്തക യൂണിയന്‍ അംഗമായി തുടരാന്‍ കഴിയാത്തത് കൊണ്ടാണ് അജിത് കുമാറിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി സി നാരായണന്‍ പറഞ്ഞു. അജിത് കുമാറിനെ പുറത്താക്കിയതാണ് എന്ന വാര്‍ത്ത നാരായണന്‍ തള്ളി.
മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേയ്ക്ക് നയിച്ച ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് അധാര്‍മ്മിക മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ പേരിലാണ് അജിത് കുമാറിനെ കെയുഡബ്ല്യുജെ പുറത്താക്കിയത് എന്നായിരുന്നു സൗത്ത് ലൈവിന്റെ വാര്‍ത്ത. ഇത് അടിസ്ഥാനരഹിതമാണെന്ന് നാരായണന്‍ പറഞ്ഞു. കേസില്‍ കുറ്റം തെളിഞ്ഞാല്‍ മാത്രമേ അംഗങ്ങള്‍ക്കെതിര സാധാരണ ഇത്തരത്തില്‍ നടപടി എടുക്കൂ എന്നും നാരായണന്‍ പറഞ്ഞു. ഹണി ട്രാപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കെ ജയചന്ദ്രനില്‍ നിന്നും വിശദീകരണം തേടാന്‍ യൂണിയന്‍ തീരുമാനിച്ചതായുള്ള വാര്‍ത്തയും നാരായണന്‍ നിഷേധിച്ചു. ഇത്തരത്തില്‍ യാതൊരു വിശദീകരണവും തേടിയിട്ടില്ല. മംഗളത്തിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച കൊച്ചിയിലെ മംഗളം മാധ്യമ പ്രവര്‍ത്തകന്‍ മിഥുന്‍ പുല്ലുവഴിക്കെതിരെ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയ്ക്ക് പരാതി നല്‍കിയെന്ന വാര്‍ത്തയും നാരായണന്‍ തള്ളി. മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ജില്ലാക്കമ്മിറ്റിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുള്ളതായി അറിഞ്ഞെന്നും എന്നാല്‍ ഇത്തരത്തില്‍ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും നാരായണന്‍ പറഞ്ഞു.
അജിത്ത്കുമാറും ജയചന്ദ്രനും അടക്കം അഞ്ച് പേരെയാണ് ഹണി ട്രാപ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. എകെ ശശീന്ദ്രനെ ഫോണ്‍ സംഭാഷണത്തില്‍ കുടുക്കാന്‍ മംഗളം ചാനല്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലൈംഗികച്ചുവയുള്ള സംഭാഷണം ചാനലില്‍ സംപ്രേഷണം ചെയ്തു, മന്ത്രിയെ അപമാനിക്കാനായി ഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തി, ലൈംഗികച്ചുവയുള്ള ഫോണ്‍ റെക്കോഡിങ്ങ് ഫെയ്‌സ്ബുക്ക് വഴി പരസ്യപ്പെടുത്തി എന്നീ കുറ്റങ്ങളും ചാനലിനെതിരെ ചുമത്തിയിട്ടുണ്ട്.