UPDATES

മുന്‍ തീരുമാനത്തില്‍ നിന്നും കോണ്‍ഗ്രസ്സ് പിന്‍മാറി; സംഘര്‍ഷമൊഴിയാത്ത പെരിയയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാനയോഗത്തില്‍ പങ്കെടുത്തു

ഇരട്ടക്കൊലപാതകങ്ങള്‍ സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള നടപടികള്‍ ഉടനടി കൈക്കൊള്ളണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ ഉപവാസ സമരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്

ഇരട്ടക്കൊലപാതകത്തിനു ശേഷം സംഘര്‍ഷമൊഴിയാത്ത പെരിയയില്‍ സര്‍വകക്ഷി സമാധാനയോഗം വിളിച്ചുചേര്‍ത്തു. കഴിഞ്ഞ പതിനേഴാം തീയതി കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയതിനു ശേഷം ദിവസങ്ങളായി പ്രദേശത്ത് കോണ്‍ഗ്രസ്-സി.പി.ഐ.എം സംഘര്‍ഷം നിലനില്‍ക്കുകയാണ്.

ഈ സാഹചര്യത്തില്‍ പെരിയയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സര്‍വകക്ഷി യോഗം നടത്താന്‍ തീരുമാനമായത്. സമാധാന യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു നിന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ട്. തങ്ങള്‍ പ്രതിസ്ഥാനത്തു കാണുന്ന സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സഹകരിക്കേണ്ടതില്ലെന്നാണ് പെരിയയിലും കല്ല്യേരിയിലുമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു. യോഗത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും, തങ്ങള്‍ സംതൃപ്തരല്ലെന്നുമാണ് പെരിയയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പക്ഷം.

പതിനെട്ടാം തീയതി കൃപേഷിന്റെയും ശരത്‌ലാലിന്റെയും മൃതദേഹങ്ങള്‍ വഹിച്ചുള്ള വിലാപയാത്ര സ്ഥലത്തെത്തിയതു മുതല്‍ക്കു തന്നെ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങളുണ്ടായിരുന്നു. ആക്രമണങ്ങളെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് കല്ല്യോട്ട് വിട്ടുപോകേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന്, സി.പി.എം ജില്ലാ നേതാക്കളും എം.പി പി കരുണാകരനുമടക്കമുള്ളവര്‍ കല്ല്യോട്ടെത്തയപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്ത പ്രതിഷേധങ്ങള്‍ക്കു ശേഷം സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അതിനടുത്ത ദിവസം തന്നെയാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി രാജന്റെ വീടിനു നേരെയും അക്രമമുണ്ടായി. പെട്രോള്‍ നിറച്ച കുപ്പികളെറിഞ്ഞ് വീടിന്റെ മുന്‍വശം അഗ്നിക്കിരയാക്കുകയും വീട്ടുമുറ്റത്തെ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനോടടുത്ത ദിവസങ്ങളില്‍ത്തന്നെയാണ് സി.പി.എം പ്രവര്‍ത്തകരുടെ കൃഷിയിടങ്ങളും വ്യാപാരസ്ഥാപനങ്ങളുമടക്കമുള്ളവ തീവച്ചും തല്ലിത്തകര്‍ത്തും നശിപ്പിക്കപ്പെട്ടത്.

വ്യാപകമായി ഇത്തരത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അക്രമങ്ങള്‍ നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്ക്ക് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും ചേര്‍ത്ത് സമ്മേളനം വിളിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സമ്മേളനം ചേര്‍ന്നത്. ഇരട്ടക്കൊലപാതകങ്ങള്‍ക്കു ശേഷം താറുമാറായ കല്ല്യോട്ടെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരം കാണുക എന്നതാണ് സമ്മേളനത്തിന്റെ ഉദ്ദേശം. ‘സംശയത്തിന്റെ മുനയിലുള്ള മുന്‍ എം.എല്‍.എ അടക്കമുള്ളവരാണ് സമാധാനയോഗം വിളിക്കുന്നത്. അതില്‍ പങ്കെടുക്കുന്നതിനോട് കല്ല്യോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ല. കേസ് സി.ബി.ഐക്കു വിട്ടതിനു ശേഷം സമാധാനയോഗം വിളിക്കട്ടെ. കേസിലെ ഗൂഢാലോചന പുറത്തുവരാതെ ഒരു നീക്കുപോക്കിനുമില്ല.’ പ്രാദേശിക നേതാക്കള്‍ പറയുന്നതിങ്ങനെ.

അതേസമയം, ഇരട്ടക്കൊലപാതകങ്ങള്‍ സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള നടപടികള്‍ ഉടനടി കൈക്കൊള്ളണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ ഉപവാസ സമരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. രാവിലെ പത്തരയോടെ സിവില്‍ സ്‌റ്റേഷനു മുന്നിലാരംഭിച്ച ഉപവാസ സമരത്തില്‍ കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരനും പങ്കെടുക്കും. കാസര്‍കോട്ടെത്തിയ സുധീരന്‍ കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് സമരത്തില്‍ പങ്കാളിയാകുക. മാര്‍ച്ച് ഒന്നാം തീയതി പെരിയയില്‍ സി.പി.എമ്മിന്റെ വിശദീകരണ യോഗവും, തൊട്ടടുത്ത ദിവസം കോണ്‍ഗ്രസിന്റെ മറ്റൊരു പൊതുയോഗവും പെരിയയില്‍ നടക്കുന്നുണ്ട്. മാര്‍ച്ച് ആറാം തീയതി അമ്മമാരുടെ സംഗമം കല്ല്യോട്ടുവച്ച് നടത്താനും തീരുമാനമായിട്ടുണ്ട്. കൃപേഷും ശരത്‌ലാലും പ്രവര്‍ത്തിച്ചിരുന്ന വാദ്യകലാസംഘം അന്നു വീണ്ടും ചെണ്ടയെടുക്കുമെന്നും സുഹൃത്തുക്കള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍