UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭക്ഷണശീലത്തില്‍ ഭരണകൂടം ഇടപെടരുത്: യുപി സര്‍ക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ വിമര്‍ശനം

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണ് കോടതി നിരീക്ഷണം.

ഭക്ഷണം, ഭക്ഷണശീലങ്ങള്‍, ഭക്ഷണ വില്‍പ്പന തുടങ്ങിയവയെല്ലാം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഭരണകൂടത്തിന് ഇതില്‍ ഇടപെടാന്‍ അവകാശമില്ലെന്നും അലഹബാദ് ഹൈക്കോടതി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണ് കോടതി നിരീക്ഷണം. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖേരിയില്‍ നിന്നുള്ള ഒരു ഇറച്ചിക്കട ഉടമ തന്റെ കട അടച്ചുപൂട്ടിയതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈസന്‍സ് പുതുക്കി നല്‍കുന്നത് പരിഗണിക്കാതെയാണ് ഇറച്ചിക്കടകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയതെന്ന് കോടതി കുറ്റപ്പെടുത്തി. ജീവിക്കാനുള്ള പൗരന്മാരുടെ അവകാശം സംബന്ധിച്ച് ഭരണഘടനയുടെ 21ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയോട് ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ വ്യക്തത വരുത്താനും ഏപ്രില്‍ 13നകം റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തിനെതിരായ ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് സമാനമാണ് അലഹബാദ് ഹൈക്കോടതിയുടേത്. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഏത് ഭക്ഷണവും പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ല. ഇഷ്്ടമുള്ള ഭക്ഷണം കഴിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഭരണകൂടം വീടുകളിലേയ്ക്ക് നുഴഞ്ഞുകയറാനോ ഇന്നത് കഴിക്കരുത് എന്ന് പറയാനോ അവകാശമില്ല. സുപ്രീംകോടതിയുടേയും ദേശീയ ഹരിത ട്രൈബ്യൂണലിന്റേയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കാത്ത അറവ് ശാലകള്‍ മാത്രമാണ് അടച്ചുപൂട്ടുന്നതെന്നും ഇറച്ചിയുടെ ഉപയോഗം തടയാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് യുപി സര്‍ക്കാര്‍ കോടതി അറിയിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍