വ്യാഴാഴ്ചത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
അരൂര്‍ എംഎല്‍എ എഎം ആരിഫിനെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ ഇത്തവണയും സിപിഎം സ്വതന്ത്രനായി സ്ഥാനാര്‍ത്ഥിയായേക്കും. താന്‍ ഇത്തവണ മത്സരിക്കാനില്ല എന്ന് ഇന്നസെന്റ് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് അടക്കമുള്ളവര്‍ പേരുകള്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും ഇന്നസെന്റിനെ തന്നെ ഇത്തവണയും മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട്.
കാസര്‍ഗോഡ് എംപി പി കരുണാകരന് ഒഴികെയുള്ള സിപിഎമ്മിന്റെ സിറ്റിംഗ് എംപിമാരെല്ലാം അതാത് മണ്ഡലങ്ങളില്‍ തന്നെ ഇത്തവണയും ജനവിധി തേടും. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് തന്നെ ഇടതു സ്വതന്ത്രനായി വീണ്ടും മത്സരിക്കും. കോട്ടയത്ത് സിന്ധുമോള്‍ ജേകബിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഡോ.സിന്ധുമോള്‍. മലപ്പുറത്ത് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനുവിന്റെ പേരാണ് കേള്‍ക്കുന്നത്. എറണാകുളത്ത് വീണ്ടും പി രാജീവിന്റെ പേര് തന്നെ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. വ്യാഴാഴ്ചത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. സിപിഐ തങ്ങളുടെ നാല് സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചിരുന്നു (തിരുവനന്തപുരം – സി ദിവാകരന്, മാവേലിക്കര – ചിറ്റയം ഗോപകുമാര്‍, തൃശൂര്‍ – രാജാജി മാത്യു തോമസ്, വയനാട് – പിപി സുനീര്‍).
ഇന്നസെന്റിനെതിരെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ല എന്നതടക്കം വിവിധ പരാതികള്‍ മണ്ഡലത്തില്‍ ഉയര്‍ന്നുവന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേനായ ദിലീപിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച താര സംഘടന എഎംഎംഎയുടെ നിലപാടും ഇന്നസെന്റിന്റെ നിലപാടും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നസെന്റിന് വീണ്ടും സിപിഎം അവസരം നല്‍കില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഇതിനിടയിലാണ് താന്‍ ഇത്തവണ മത്സര രംഗത്തുണ്ടാകില്ല എന്ന് ഇന്നസെന്റ് പറയുന്നത്.
ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് സിപിഎം ധാരണയിലെത്തിയത് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇത്തവണയും കോണ്‍ഗ്രസ് സംഘടനാകാര്യ സെക്രട്ടറിയായ ഉയര്‍ന്ന കെസി വേണുഗോപാല്‍ തന്നെ ആയിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. ആണെങ്കില്‍ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കഴിയുന്ന ഒരാളെ തന്നെ ഇറക്കുക എന്ന കണക്കുകൂട്ടലിലാണ് സിറ്റിംഗ് എംഎല്‍എ ആയ ആരിഫിനെ സിപിഎം ഇറക്കുന്നത്. 2006ല്‍ കെആര്‍ ഗൗരിയമ്മയെ തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ ആരിഫ് പിന്നീട് മണ്ഡലം യുഡിഎഫിന് വിട്ടുകൊടുത്തിട്ടില്ല.