UPDATES

വാര്‍ത്തകള്‍

അമിത് ഷാ ഗാന്ധിനഗറില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; ശക്തിപ്രകടനവുമായി എന്‍ഡിഎ നേതാക്കള്‍

കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗും അരുണ്‍ ജയ്റ്റ്‌ലിയും ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും അടക്കമുള്ളവര്‍ അമിത് ഷായ്‌ക്കൊപ്പമുണ്ടായിരുന്നു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക് സഭ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗും അരുണ്‍ ജയ്റ്റ്‌ലിയും ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും അടക്കമുള്ളവര്‍ അമിത് ഷായ്‌ക്കൊപ്പമുണ്ടായിരുന്നു. വലിയ ശക്തിപ്രകടനവുമായാണ് അമിത് ഷായും ബിജെപി സംഘവും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ഗാന്ധിനഗറില്‍ എന്‍ഡിഎയുടെ പൊതുയോഗവും റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.

എല്‍കെ അദ്വാനി, എബി വാജ്‌പേയ് തുടങ്ങിയ നേതാക്കള്‍ പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ കഴിഞ്ഞതിലൂടെ താന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് അമിത് ഷാ പറഞ്ഞു. ആരാണ് രാജ്യത്തെ നയിക്കേണ്ടത് എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഹിമാചല്‍പ്രദേശ് മുതല്‍ കന്യാകുമാരി വരെയും കാമരൂപ് മുതല്‍ ഗാന്ധിനഗര്‍ വരെയും കേള്‍ക്കാന്‍ കഴിയുന്നത് മോദി, മോദി, മോദി എന്നാണ് – അമിത് ഷാ പറഞ്ഞു.

ആറ് തവണ ഗാന്ധിനഗറില്‍ നിന്ന് ലോക്‌സഭയിലെത്തിയ അദ്വാനിയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയില്ല. താനുമായി നേരിട്ട് സംസാരിക്കാതെ സംഘടന സെക്രട്ടറി രാംലാല്‍ തനിക്ക് സീറ്റില്ല എന്ന് അറിയിച്ചതില്‍ അദ്വാനി അതൃപ്തനാണ്. അദ്വാനി അമിത് ഷായുടെ റോഡ് ഷോയ്ക്ക് എത്തിയതുമില്ല. 2014ല്‍ ഇവിടെ നാല് ലക്ഷത്തില്‍ പരം വോട്ടിനാണ് അദ്വാനി ജയിച്ചത്. മറ്റൊരു മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിക്കും ഇത്തവണ ബിജെപി സീറ്റ് നല്‍കിയില്ല. തനിക്ക് സീറ്റില്ലെന്ന് ബിജെപി സംഘടന സെക്രട്ടറി അറിയിച്ച കാര്യം ചൂണ്ടിക്കാട്ടി കാണ്‍പൂരിലെ വോട്ടര്‍മാര്‍ക്ക് ജോഷി തുറന്ന കത്ത് നല്‍കിയിരുന്നു. ഗുജറാത്തിലെ 26 ലോക്‌സഭ സീറ്റിലേയ്ക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 23ന് നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍