UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമൃത്സര്‍ ട്രെയിന്‍ ദുരന്തം: ഡ്രൈവര്‍ കസ്റ്റഡിയില്‍; വണ്ടി മുന്നോട്ടുപോകാനുള്ള നിര്‍ദ്ദേശമാണ് കിട്ടിയതെന്ന് മൊഴി

തനിക്ക് ട്രെയിന്‍ മുന്നോട്ടെടുക്കാനുള്ള നിര്‍ദ്ദേശമാണ് കിട്ടിയത് എന്നാണ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. എനിക്ക് ഗ്രീന്‍ സിഗ്നലാണ് കിട്ടിയത്. നൂറ് കണക്കിനാളുകള്‍ അവിടെ കൂടിനില്‍ക്കുന്ന കാര്യം അറിയാമായിരുന്നില്ല – ഡ്രൈവര്‍ പറഞ്ഞു.

അമൃത്സര്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും പഞ്ചാബ് സര്‍ക്കാരിനുമെതിരെ രാഷ്ട്രീയ ആക്രമണം നടത്താന്‍ അകാലി ദളിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശ്രമിക്കവേ, ട്രെയിന്‍ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. ലുധിയാന റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഡ്രൈവറെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്തു. തനിക്ക് ട്രെയിന്‍ മുന്നോട്ടെടുക്കാനുള്ള നിര്‍ദ്ദേശമാണ് കിട്ടിയത് എന്നാണ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. എനിക്ക് ഗ്രീന്‍ സിഗ്നലാണ് കിട്ടിയത്. നൂറ് കണക്കിനാളുകള്‍ അവിടെ കൂടിനില്‍ക്കുന്ന കാര്യം അറിയാമായിരുന്നില്ല – ഡ്രൈവര്‍ പറഞ്ഞു.

അമൃത്സര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ധോബി ഘട്ടിന് സമീപമുള്ള ദോറ പഥകിലാണ്, ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണ കോലം കത്തിക്കുന്നത് കാണാന്‍ റെയില്‍വേ ട്രാക്കില്‍ നിന്നിരുന്നവര്‍ക്ക് ഇടയിലേയ്ക്ക് ട്രെയിന്‍ പാഞ്ഞുകയറിയത്. ഇന്നലെ വൈകീട്ട് 7.15ഓടെയുണ്ടായ അപകടത്തില്‍ 61 പേരാണ് മരിച്ചത്. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവിടെ പരിപാടി നടത്താന്‍ അനുമതിയില്ലെന്നും പ്രാദേശിക ഭരണകൂടമാണ് ദുരന്തത്തിന് ഉത്തരവാദിയെന്നും റെയില്‍വെ പ്രസ്താവന ഇറക്കിയിരുന്നു.

അപകടം നടന്ന പ്രദേശത്തെ റെയില്‍വെ ലൈന്‍മാന്‍മാരില്‍ നിന്ന് റെയില്‍വെ വിവരം ശേഖരിക്കുന്നുണ്ട്. ട്രെയിന്‍ ഡ്രൈവറെ ആളുകള്‍ കൂടി നില്‍ക്കുന്ന വിവരം ഇവര്‍ അറിയിച്ചില്ല എന്ന പരാതിയുണ്ട്. 700ലധികം പേര്‍ ഇവിടെ കൂടി നിന്നിരുന്നു എന്നാണ് പറയുന്നത്. വലിയ തോതില്‍ പടക്കങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈ വലിയ ശബ്ദങ്ങള്‍ക്കിടയില്‍ ട്രെയിന്‍ വരുന്നത് ട്രാക്കില്‍ നിന്നവര്‍ അറിഞ്ഞില്ല.

ദുരന്തം കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് അകാലി ദള്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സംഘാടകനായ പരിപാടിയില്‍ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിംഗ് സിധുവിന്റെ ഭാര്യ നവ്‌ജോത് കൗര്‍ ആയിരുന്നു മുഖ്യാതിഥി. അപകടം നടന്നയുടന്‍ നവ്‌ജോത് കൗര്‍ സ്ഥലം വിട്ടതായാണ് ദൃക്‌സാക്ഷികളെന്ന് പറയുന്നവരുടെ അവകാശവാദം. അതേസമയം നവ്‌ജോത് കൗര്‍ ആരോപണം തള്ളുന്നു. സംഘാടകര്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടി്ല്ല. പരിപാടിയുടെ സംഘാടകരായ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവിലാണ് എന്നാണ് പഞ്ചാബ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണം 61; കോണ്‍ഗ്രസിനും സിധുവിന്റെ ഭാര്യയ്ക്കുമെതിരെ പ്രതിപക്ഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍