UPDATES

സിനിമാ വാര്‍ത്തകള്‍

മണ്ണിട്ട് നികത്തിയ പാടം ചളിക്കുണ്ടായി; കൊച്ചിയിലെ എആര്‍ റഹ്മാന്‍ ഷോ മുടങ്ങി

കനത്ത മഴമൂലം ഷോ റദ്ദാക്കിയതാണെന്നാണ് സംഘാടകരുടെ വിശദീകരണം

എറണാകുളം ഇരുമ്പനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന എആര്‍ റഹ്മാന്‍ ഷോ മുടങ്ങി. ഫ്ലവേഴ്‌സ് ടിവി സംഘാടകരായുള്ള ഷോ മഴ മൂലം റദ്ദാക്കിയതായാണ് വിവരം. കനത്ത മഴമൂലം ഷോ റദ്ദാക്കിയതാണെന്നാണ് സംഘാടകരുടെ വിശദീകരണം. കൊച്ചിയിലെ ഗതാഗതക്കുരുക്കില്‍ പെട്ട് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരില്‍ പലര്‍ക്കും എത്താനാവാതിരുന്നതും ഷോ നടത്തിപ്പിന് തടസ്സമായി. അതേസമയം റഹ്മാന്‍ സ്ഥലത്ത് എത്തിയില്ല എന്ന പ്രചരണമുണ്ടായതിനെ തുടര്‍ന്ന് വളരെ വൈകി അദ്ദേഹത്തെ തെളിവായി സ്റ്റേജിലെത്തിച്ചു സംഘാടകര്‍ തടി രക്ഷിക്കുകയായിരുന്നു. മറ്റൊരു ഷോ നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല.

വൈകിട്ട് മൂന്ന് മണിയോടെ തന്നെ ഇരുമ്പനത്തെ വേദിയിലേക്ക് ആസ്വാദകര്‍ എത്തിത്തുടങ്ങിയിരുന്നു. സദസ്സിലുള്ളവര്‍ക്ക് മഴ കൊള്ളാതെ ഇരിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിരുന്നില്ല. മഴ കനത്തതോടെ പരിപാടിക്കായി മണ്ണിട്ട് നികത്തിയ പാടം ചളിക്കുണ്ടായി. പലരും മഴകൊള്ളാതിരിക്കാന്‍ ഇരിപ്പിടം തലയ്ക്ക് മുകളില്‍ പിടിച്ച് മണിക്കൂറുകളോളം നിന്നു. എന്നാല്‍ അഞ്ച് മണിക്ക് ശേഷം മൈക്ക് വഴി ഒരു അനൗണ്‍സ്‌മെന്റ് പോലും ഉണ്ടായില്ലെന്ന് പരിപാടിക്കെത്തിയവര്‍ പറഞ്ഞു. പരിപാടിക്കെത്തിയ വിനോദ് പറയുന്നു ‘ മഴത്തും ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. പക്ഷെ മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും പരിപാടി തുടങ്ങിയില്ല. അഞ്ച് മണി വരെ അവിടെ പാട്ടും ബഹളവുമൊക്കെയുണ്ടായിരുന്നു. അഞ്ച് മണി കഴിഞ്ഞ് ഒരു മൈക്ക് അനൗണ്‍സ്‌മെന്റ് പോലുമുണ്ടായില്ല. ചിലര് കുടപിടിച്ചു നിന്നു. ഒട്ടുമിക്കവരും കസേര തലയില്‍ എടുത്ത് വച്ച് കാത്ത് നിന്നു. എന്നാല്‍ പരിപാടി നടക്കുമോ ഇല്ലയോ എന്ന് സംഘാടകരിലാരെങ്കിലും പറയണ്ടേ. അതുണ്ടായില്ല. എആര്‍ റഹ്മാന്‍ സ്ഥലത്തെത്തിയില്ലെന്ന് ചിലരോട് ചോദിച്ചപ്പോള്‍ പറഞ്ഞു. പരിപാടി നടക്കുന്നില്ലെങ്കില്‍ ടിക്കറ്റ് എടുത്ത് കാത്ത് നില്‍ക്കുന്നവരെ മാന്യമായി പിരിച്ചുവിടാനെങ്കിലും സംഘാടകര്‍ ശ്രദ്ധിക്കണ്ടതായിരുന്നു. മിക്കവരും എട്ടുമണി വരെ കാത്ത് നിന്നിട്ട് തനിയെ മടങ്ങിപ്പോവുകയായിരുന്നു. ടിക്കറ്റെടുത്ത് പൈസ മടക്കി തരുമോ എന്ന കാര്യത്തില്‍ പോലും ഒരുറപ്പും ലഭിച്ചിട്ടില്ല ഇതുവരെ’

എആര്‍ റഹ്മാന്‍ ഷോയ്ക്കായി ഇരുമ്പനത്തെ 26 ഏക്കര്‍ പാടശേഖരം മണ്ണിട്ട് നികത്തുന്നതായി പരാതിയുണ്ടായിരുന്നു. പരിപാടിക്കായി പാടം മണ്ണിട്ട് നികത്തിയെന്ന ഹര്‍ജിയില്‍ എആര്‍ റഹ്മാനും സംസ്ഥാന സര്‍ക്കാരിനും ഇന്നലെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതോടെ പരിപാടിയില്‍ നിന്ന് റഹ്മാന്‍ പിന്‍മാറിയതാണോ എന്ന സംശയം ചിലര്‍ ഉന്നയിക്കുന്നു.

കൊച്ചിയില്‍ എആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ നിലം നികത്തല്‍; സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നികത്തല്‍ തുടരുന്നു

ഒരു പുഴ എല്ലാവരും കൂടി വീതിച്ചെടുത്തു; ബാക്കിയുള്ളത് സ്വകാര്യ ആശുപത്രിക്ക് വേണ്ടി വഴിതിരിച്ചു വിടാനും നീക്കം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍