UPDATES

വാര്‍ത്തകള്‍

അഹങ്കാരം ദുര്യോധനന്റെ അന്ത്യം കുറിച്ച കാര്യം മോദി മറക്കരുത്: പ്രിയങ്ക

അഹങ്കാരവും ധാര്‍ഷ്ട്യവും വച്ചുപൊറുപ്പിച്ച ചരിത്രം ഇന്ത്യക്കില്ല – ഹരിയാനയിലെ അംബാലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞു.

അഹങ്കാരം മഹാഭാരതത്തിലെ ദുര്യോധനന്റെ അന്ത്യം കുറിച്ച കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മറക്കരുത് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതേ അഹങ്കാരമാണ് മോദി കാണിക്കുന്നത്. രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച് മോദി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പ്രിയങ്ക. അഹങ്കാരവും ധാര്‍ഷ്ട്യവും വച്ചുപൊറുപ്പിച്ച ചരിത്രം ഇന്ത്യക്കില്ല – ഹരിയാനയിലെ അംബാലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞു.

യാതൊന്നും പറയാനില്ലാത്തപ്പോള്‍ അവര്‍ എന്റെ കുടുംബത്തെ അപമാനിക്കും. അഹങ്കാരം ഇന്ത്യ വച്ചുപൊറുപ്പിക്കില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്ന് മഹാഭാരതമാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദുര്യോധനനെ ചെന്നുകണ്ട് സംസാരിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൃഷ്ണനെ പിടിച്ചുവയ്ക്കാനാണ് ദുര്യോധനന്‍ ശ്രമിച്ചത് – പ്രിയങ്ക പറഞ്ഞു.

രാംധാരി സിംഗ് ദിനകറിന്റെ കൃഷ്ണ കി ചേതവാണി (കൃഷ്ണന്റെ മുന്നറിയിപ്പ്) എന്ന പദ്യത്തിന്റെ വരികളും പ്രിയങ്ക ചൊല്ലി. ഒരാള്‍ മരിക്കുന്നതിന് മുമ്പ് അയാളുടെ ബുദ്ധിയാണ് മരിക്കുന്നത് എന്ന് ഇതില്‍ പറയുന്നു. പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം വികസനത്തിന്റേയും തൊഴിലിന്റേയും കൃഷിക്കാരുടേയും സ്ത്രീകളുടേയും പേരില്‍ വോട്ട് ചോദിക്കണം – പ്രിയങ്ക ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് ധൈര്യമുണ്ടെങ്കില്‍ ബോഫോഴ്‌സ് കേസ് പ്രതി രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ട് ചോദിച്ച് തിരഞ്ഞെടുപ്പിനെ നേരിടൂ എന്ന് മോദി ഇന്നലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക.

അതേസമയം മേയ് 23ന് പ്രിയങ്കയ്ക്കുള്ള മറുപടി തരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പശ്ചിമ ബംഗാളിലെ ബിഷ്ണുപൂരില്‍ പറഞ്ഞു. ജനവിധി പ്രിയങ്കയെ പാഠം പഠി്പ്പിക്കുന്നതായിരിക്കും. കോണ്‍ഗ്രസ് എത്രയൊക്കെ അപമാനിച്ചാലും അധിക്ഷേപിച്ചാലും വോട്ടര്‍മാരുടെ മനസ് മാറ്റാനാകില്ല. കഴിഞ്ഞ മാസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും മോദിയെ ദുര്യോധനന്‍ എന്ന് വിളിച്ചിരുന്നു. മോദി ദുര്യോധനനും അമിത് ഷാ ദുശ്ശാസനനും ആണ് എന്നാണ് യെച്ചൂരി പറഞ്ഞിരുന്നത്. ബിജെപി എണ്ണത്തില്‍ കരുത്തരാണെങ്കിലും കൗരവരായ അവരെ എണ്ണത്തില്‍ കുറഞ്ഞ, പാണ്ഡവരായ തങ്ങള്‍ പരാജയപ്പെടുത്തുമെന്നും യെച്ചൂരി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍