UPDATES

ട്രെന്‍ഡിങ്ങ്

ഇടത് ചിന്താഗതിക്കാര്‍ സുപ്രീം കോടതിയെ തകര്‍ക്കാന്‍ നോക്കുന്നു: ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് അരുണ്‍ ജയ്റ്റ്‌ലി

ചില അഭിഭാഷകര്‍ ജഡ്ജിമാരെ ഭീഷണിപ്പെടുത്താന്‍ നോക്കുകയാണ് എന്ന് അരുണ്‍ ജയ്റ്റ്‌ലി ആരോപിച്ചു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തീവ്ര ഇടത് ചിന്താഗതിക്കാര്‍ സുപ്രീം കോടതിയെ അസ്ഥിരപ്പെടുത്താന്‍ നോക്കുന്നു.

സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പിന്തുണച്ച് കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കഴിഞ്ഞ ദിവസം ഈ വിഷയം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ തന്നെ നേതൃത്വത്തില്‍ സുപ്രീം കോടതി പ്രത്യേക സിറ്റിംഗ് നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ചീഫ് ജസ്റ്റിസിനെ പിന്തുണച്ചാണ് സംസാരിച്ചത്. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് ജയ്റ്റ്‌ലി രംഗത്തെത്തിയത്. ഇത് സുപ്രീം കോടതിയേയും ജുഡീഷ്യറിയേയും തകര്‍ക്കാനുള്ള ശ്രമമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചീഫ് ജസ്റ്റിസ് ആരോപിച്ചിരുന്നു. ജുഡീഷ്യറിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് അരുണ്‍ ജയ്റ്റ്‌ലിയും പറയുന്നു.

തന്റെ പേഴ്‌സണല്‍ ബ്ലോഗിലാണ് ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി രംഗത്തെത്തിയത്. ഇത് ജുഡീഷ്യറിക്കൊപ്പം നില്‍ക്കേണ്ട സമയമാണ്. വ്യക്തിപരമായ മാന്യത, മൂല്യങ്ങള്‍, ധാര്‍മ്മികത, ആത്മാര്‍ത്ഥത ഇവയിലെല്ലാം നിലവിലെ ചീഫ് ജസ്റ്റിസ് വലിയ മാതൃകയാണ് – ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. 2018 ജനുവരി 12ന് ന്യൂഡല്‍ഹിയില്‍ അസാധാരണ വാര്‍ത്താസമ്മേളനം നടത്തി, ജസ്റ്റിസ് ഗൊഗോയ് അടക്കമുള്ള നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയേയും സുപ്രീം കോടതിയുടെ പ്രവര്‍ത്തനരീതികളേയും വിമര്‍ശിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു.

ചില അഭിഭാഷകര്‍ ജഡ്ജിമാരെ ഭീഷണിപ്പെടുത്താന്‍ നോക്കുകയാണ് എന്ന് അരുണ്‍ ജയ്റ്റ്‌ലി ആരോപിച്ചു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇടത് ചിന്താഗതിക്കാര്‍ സുപ്രീം കോടതിയെ അസ്ഥിരപ്പെടുത്താന്‍ നോക്കുന്നു. ഇവര്‍ക്ക് യാതൊരു ജനപിന്തുണയുമില്ല. ഇവര്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ല. അതേസമയം മാധ്യമങ്ങളിലും അക്കാഡമിക് രംഗത്തും ഇവര്‍ക്ക് ഇപ്പോളും കാര്യമായ സ്വാധീനമുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ അവരെ അടുപ്പിക്കാത്ത സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയേയും ഓണ്‍ലൈന്‍ മാധ്യമങ്ങളേയും ആശ്രയിക്കുകയാണ് ഇവര്‍. ഇത്തരക്കാരില്‍ ഭൂരിഭാഗവും ദേശവിരുദ്ധ ശക്തികളുടെ ഭാഗമാണ്. എന്നാല്‍ കോണ്‍ഗ്രസുകാരായ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകര്‍ ഇവര്‍ക്കൊപ്പം ചേരുന്നത് വളരെയധികം മോശപ്പെട്ട കാര്യമാണ്. കോണ്‍ഗ്രസ് ഇത്തരം ഫ്രിഞ്ച് ഗ്രൂപ്പുകളെ പിന്തുണക്കുന്നത് ആശ്ചര്യകരമാണ് എന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

“ഒരു ന്യായാധിപന്‍റെ സ്വകാര്യവും നിയമപരവുമായ സ്വഭാവ വിശേഷങ്ങള്‍ നിയമ സംവിധാനവും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകളാലും എല്ലാ ദിവസവും പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നുണ്ട്. ഓരോ തവണയും അയാള്‍ വിധി എഴുതുമ്പോള്‍ അതിലെ ഓരോ വാക്കും വിലയിരുത്തപ്പെടുന്നുണ്ട്. വ്യക്തിശുദ്ധി, മൂല്യങ്ങള്‍, ധാര്‍മ്മികത, വിശ്വാസ്യത എന്നിവയില്‍ നിലവിലുള്ള ചീഫ് ജസ്റ്റീസ് മികച്ച വ്യക്തിത്വമായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ നിയമപരമായ കാഴ്കപ്പാടുകളോട് വിയോജിച്ചാലും അദ്ദേഹം തുടര്‍ന്നുപോരുന്ന മൂല്യ വ്യവസ്ഥ ചോദ്യം ചെയ്യാന്‍ സാധിക്കാത്തതതാണ്.” ജെയ്റ്റ്ലി എഴുതുന്നു.

ചീഫ് ജസ്റ്റീസിനെതിരെയുള്ള ആരോപണത്തിന് അനാവശ്യമായ പ്രധാന്യമാണ് നല്‍കപ്പെട്ടിരിക്കുന്നത് എന്നു ജെയ്റ്റ്ലി ബ്ലോഗില്‍ വിശദീകരിക്കുന്നു. “ഇത്തരം പരാതികള്‍ സാധാരണഗതിയില്‍ അനുയോജ്യമായ സമിതിയുടെ മുന്‍പാകെയാണ് ഉന്നയിക്കപ്പെടുക. എന്നാല്‍ ഇവിടെ സംഭവിച്ചത് പരാതിക്കാരി തന്റെ പരാതി സുപ്രീ കോടതിയിലെ മറ്റ് ന്യായാധിപര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കുകയാണ്ചെയ്തത്. ഇത് വിഷയത്തെ സെന്‍സേഷണലൈസ് ചെയ്യാന്‍ വേണ്ടിയായാണ്.” ജെയ്റ്റ്ലി എഴുതുന്നു. അത്ര നല്ല ഭൂതകാലമല്ലാത്ത ഒരു വ്യക്തിയുടെ ആരോപണങ്ങള്‍ പരിശോധിക്കപ്പെടാതെ ഉന്നയിക്കുന്നത് സുപ്രീം കോടതിയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമായാണ് ധനമന്ത്രി വിലയിരുത്തുന്നത്.

രഞ്ജന്‍ ഗോഗോയുടെ ജീവിതം ഒരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ വിശ്വാസ്യത, ധാര്‍മ്മികത, പാണ്ഡിത്യം, നീതിബോധം എന്നിവ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായയെയാണ് പ്രതിഫലിപ്പിക്കുന്നത്. ചീഫ് ജസ്റ്റീസിനും നീതിന്യായ സ്ഥാപനങ്ങള്‍ക്കും വിശ്വാസ്യതയും ബഹുമാനവും ഒഴിവാക്കാന്‍ പറ്റാത്തതാണ്-ജെയ്റ്റ്ലി തുടരുന്നു.

“ഇത് ആദ്യത്തെ സംഭവമല്ല, അവസാനത്തെയും” ജെയ്റ്റ്ലി തുടരുന്നു. തങ്ങളോടു യോജിക്കാത്ത ന്യായാധിപര്‍ക്കെതിരെ നീങ്ങുന്ന സ്ഥാപന ഭംഗകരില്‍ നിന്നുള്ള ആക്രമണത്തിന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യം സാക്ഷിയായിക്കൊണ്ടിരിക്കുകയാണ് എന്നു അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു. സ്വതന്ത്ര നീതിന്യായ സംവിധാനവും സ്വതന്ത്ര മാധ്യമങ്ങളുമാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത് എന്നും അദ്ദേഹം എഴുതുന്നു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയും സംഘപരിവാറിന്റെ രൂക്ഷ വിമര്‍ശനം നേടിയിട്ടുള്ളയാളുമായ ഇന്ദിര ജയ്‌സിംഗ് ആണ് ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനവുമായി രംഗത്തുള്ള അഭിഭാഷകരിലൊരാള്‍. ചീഫ് ജസ്റ്റിസിനെതിരായ വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ദ വയര്‍, കാരവാന്‍, സ്‌ക്രോള്‍ എന്നിവയും ഇന്ദിര ജയ്‌സിംഗിന്റെ ലോയേഴ്‌സ് കളക്ടീവ് എന്ന സംഘടനയുടെ വെബ്‌സൈറ്റ് ആയ ലീഫ് ലെറ്റ്. ചീഫ് ജസ്റ്റിസിനെതിരായ പരാതി സംബന്ധിച്ച വാര്‍ത്തകള്‍ വിശദമായി പ്രസിദ്ധീകരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍