UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“രാകേഷ് അസ്താന ഞങ്ങളുടെ ആളാണ്”: ഫോണ്‍, വാട്‌സ് ആപ്പ് തെളിവുകളുമായി സിബിഐ ഉദ്യോഗസ്ഥന്‍ എകെ ബാസി

“അസ്താന തോ അപ്‌ന ആദ്മി ഹേ” (അസ്താന ഞങ്ങളുടെ ആളാണ്) എന്ന് പ്രതികളിലൊരാള്‍ പറയുന്നതായി ഓഡിയോയില്‍ കേള്‍ക്കാമെന്ന് ബാസി പറയുന്നു.

തന്നെ പോര്‍ട്ട് ബ്ലയറിലേയ്ക്ക് സ്ഥലം മാറ്റിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ എകെ ബാസി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതില്‍ സിബിഐ മുന്‍ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ കോഴ ആരോപണവുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണ രേഖയും. കേസ് ഒതുക്കുന്നതിനായി പ്രതികളില്‍ നിന്ന് 2.95 കോടി രൂപ അസ്താന കൈക്കൂലി വാങ്ങിയെന്ന പരാതി അന്വേഷിച്ചിരുന്ന ബാസിയെ പോര്‍ട്ട് ബ്ലയറിലേയ്ക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. “അസ്താന തോ അപ്‌ന ആദ്മി ഹേ” (അസ്താന ഞങ്ങളുടെ ആളാണ്) എന്ന് പ്രതികളിലൊരാള്‍ പറയുന്നതായി ഓഡിയോയില്‍ കേള്‍ക്കാമെന്ന് ബാസി അവകാശപ്പെടുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് എകെ ബാസിയുടെ ഹര്‍ജി പരിഗണിക്കുന്നത്.

രാകേഷ് അസ്താനയ്‌ക്കെതിരെ പരാതി നല്‍കിയ ഹൈദരാബാദ് ബിസിനസുകാരന്‍ സന സതീഷ് ബാബുവിന്റെ മൊഴിയിലുള്ളത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും ഗുരുതര ആരോപണങ്ങളുമാണെന്ന് എകെ ബാസി പറയുന്നു. സോമേഷ് പ്രസാദ്, മനോജ് പ്രസാദ് എന്നിവരടക്കമുള്ളവരുമായി ചേര്‍ന്ന് അസ്താന ഗൂഢാലോചന നടത്തിയെന്ന് ബാസി ആരോപിക്കുന്നു. 2017 ഡിസംബറിനും 2018 ഒക്ടോബറിനുമിടക്കാണ് ഇടപാടുകള്‍ നടന്നത്. 2017 ഡിസംബറില്‍ രണ്ട് തവണയായി 2.95 കോടി രൂപ കൈക്കൂലി വാങ്ങി. 2018 ഒക്ടോബറില്‍ മൂന്ന് തവണയായി 36 ലക്ഷം രൂപയും. പ്രസാദ് സഹോദരന്മാര്‍ വഴിയുള്ള ഈ ഇടപാടുകളെല്ലാം അസ്താനയുടെ പേരിലാണ്. നിലവില്‍ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) സ്‌പെഷല്‍ ഡയറക്ടറായ സമന്ത് ഗോയലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്്. ഒക്ടോബര്‍ 16ന് മനോജ് പ്രസാദിന്റെ അറസ്റ്റ് വിവരം അറിഞ്ഞതിന് പിന്നാലെ സോമേഷ് പ്രസാദ്, സമന്ത് ഗോയലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഗോയലാണ് അസ്താനയെ വിളിച്ചത്. സോമേഷ് പ്രസാദിന്റെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചിരുന്നതായി ബാസി ഹര്‍ജിയില്‍ വ്യക്തമാക്കി.

ഭാര്യാപിതാവ് സുനില്‍ മിത്തലുമായുള്ള സംഭാഷണത്തിലാണ് അസ്താന ഞങ്ങളുടെ ആളാണ് എന്ന് സോമേഷ് പ്രസാദ് പറയുന്നത്. മനോജ് പ്രസാദ്, അസ്താനയെ മൂന്ന് – നാല് തവണ കണ്ടിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സമന്ത് ഗോയല്‍ അദ്ദേഹത്തെ കണ്ടിരുന്നതായും സമന്തിന് അസ്താനയുമായി വലിയ അടുപ്പമുള്ളതായും പറയുന്നു. സമന്ത് ഗോയല്‍ സോമേഷ് പ്രസാദിനോട് പറയുന്നത് ഒരു കാരണവശാലും ഇന്ത്യയിലേയ്ക്ക് വരരുതെന്നാണ്. ഈ രേഖകളെല്ലാം സിബിഐയുടെ പക്കലുണ്ട്. എന്നാല്‍ ഇത് പുറത്തുവരാതിരിക്കാനും നശിപ്പിക്കപ്പെടാനുമുള്ള സാധ്യതയുണ്ട്. എന്റെ ജീവിതം തന്നെ അപകടത്തിലാണ് – എകെ ബാസി പറയുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങളല്ലെ പരിശോധിക്കുന്നതെന്നും തന്റെ അന്വേഷണത്തെക്കുറിച്ചാണ് അന്വേഷിക്കുന്നതെന്നും ബാസി പറയുന്നു. താന്‍ ചൂണ്ടിക്കാട്ടിയ തെളിവുകളെല്ലാം മുദ്ര വച്ച കവറില്‍ ഹാജരാക്കാന്‍ സിബിഐയോട് ആവശ്യപ്പെടണം. സുപ്രീം കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം.

രാകേഷ് അസ്താനയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും എകെ ബാസി അന്വേഷിച്ചിരുന്നു. വഡോദ്രയിലെ വിവിധ ഹോട്ടല്‍ ഉടമകളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. അതേസമയം സിവിസിക്ക് നല്‍കിയ കത്തില്‍ അസ്താന ആരോപിക്കുന്ന ബാസി നിക്ഷിപ്ത താല്‍പര്യങ്ങളുള്ള ഉദ്യോഗസ്ഥനാണ് എന്നാണ്. അതേസമയം സന സതീഷ് ബാബുവിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍