UPDATES

ഡല്‍ഹി എകെജി ഭവനില്‍ യെച്ചൂരിക്ക് നേരെ ഹിന്ദുത്വ സംഘടനയുടെ ആക്രമണം

പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിന് എത്തുന്നതിന് തൊട്ടു മുന്‍പായിരുന്നു സംഭവം.

സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ അക്രമികളുടെ കയ്യേറ്റം. പാര്‍ട്ടി ആസ്ഥാനമായ ന്യൂഡല്‍ഹിയിലെ എകെജി ഭവനുള്ളില്‍ വച്ചാണ് യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ യെച്ചൂരി നിലത്ത് വീണിരുന്നു. പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിന് എത്തുന്നതിന് തൊട്ടു മുന്‍പായിരുന്നു സംഭവം. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങളുമായി എത്തിയ ഭാരതി ഹിന്ദുസേന എന്ന പേരിലുള്ള ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.

സിപിഎമ്മിനെ നിശബ്ദരാക്കാനുള്ള സംഘപരിവാര്‍ ഗൂണ്ടകളുടെ ശ്രമത്തിനു മുന്നില്‍ തലകുനിക്കില്ലെന്നാണ് ഈ അക്രമണത്തെ കുറിച്ച് യെച്ചൂരി പ്രതികരിച്ചത്.

യെച്ചൂരിക്കെതിരേ ഉണ്ടായ ആക്രണത്തിനെതിരേ അതിശക്തമായ പ്രതിഷേധമാണ് വിവധ കോണുകളില്‍ നിന്നും ഉയര്‍ന്നത്.

പ്രാകൃതവും കാടത്തവുമെന്നാണ് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഈ സംഭവത്തെ അപലപിച്ചത്. ജനാധിപത്യത്തിനുമേലുള്ള കടന്നുകയറ്റമാണ് യെച്ചൂരിക്കു നേരെയുണ്ടായ ആക്രമണം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. തീക്കൊള്ളകൊണ്ട് സംഘപരിവാര്‍ തലചൊറിയരുതെന്നായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രതികരണം. സംഘപരിവാറിന്റെ ഇത്തരം ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കുന്നവരല്ല സി പി ഐ എം എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം
ഡല്‍ഹി എകെജി ഭവനില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് നേരേ ഉണ്ടായ അക്രമത്തില്‍ ശക്തമായി അപലപിക്കുന്നു. രാജ്യമെമ്പാടും പത്തിവിടര്‍ത്തി ആടുന്ന സംഘപരിവാര്‍ ശക്തികള്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് ശക്തികള്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് നേരെയും ആക്രമം അഴിച്ചുവിടുന്നത് കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ല. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശക്തമായ നടപടികള്‍ അനിവാര്യമാണ്. ആശയപരമായി നേരിടാന്‍ കെല്പില്ലാത്തവരാണ് കായികമായി ആക്രമിക്കുന്നത്. ആര്‍.എസ്.എസും അവരുടെ പിണിയാളുകളും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നു-(ഫെയ്‌സ്ബുക്ക് പോസ്റ്റ്)

മന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം
എത്രമാത്രം ഭീരുക്കളാണ് സംഘപരിവാറുകാരെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് സിപിഐഎം അഖിലേന്ത്യാ സെക്രട്ടറി സ. സീതാറാം യെച്ചൂരിയ്‌ക്കെതിരെ ആര്‍എസ്എസ് നടത്തിയ കൈയേറ്റശ്രമം. കൈയൂക്കുകൊണ്ടു കാവിസാമ്രാജ്യം കെട്ടിപ്പെടുക്കാമെന്നവര്‍ കരുതുന്നുണ്ടെങ്കില്‍ നാഗ്പ്പൂരിനെ വിഡ്ഢികളുടെ സ്വര്‍ഗമെന്നു വിശേഷിപ്പിക്കേണ്ടി വരും. അവിടെയാണല്ലോ ആര്‍എസ്എസിന്റെ ആസ്ഥാനം.

ആക്രമിക്കാനെത്തിയവര്‍ ഹിന്ദുസേനാംഗങ്ങളാണത്രേ. ഒരിക്കല്‍ക്കൂടി വെളിവാകുകയാണ് ആര്‍എസ്എസിന്റെ ഭീരുത്വം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുനിഞ്ഞിറങ്ങുമ്പോള്‍ സംഘടനയുടെ പേരു മാറും. ഇതുപോലെ പ്രച്ഛന്നവേഷം കെട്ടിയാണല്ലോ നാഥുറാം ഗോഡ്‌സെ മഹാത്മാഗാന്ധിയുടെ ജീവനെടുത്തത്.

ഏതു പേരില്‍ ഗുണ്ടകളെ നിയോഗിച്ചാലും വിമര്‍ശനങ്ങള്‍ക്ക് അറുതിവരുത്താമെന്ന് സംഘപരിവാര്‍ ധരിക്കേണ്ടതില്ല. മതനിരപേക്ഷതയുടെ കൊടിയുമേന്തി കാവിരാഷ്ട്രീയത്തിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ മുന്നില്‍ത്തന്നെയുണ്ടാകും. അവസാന സഖാവും മരിച്ചു വീഴുന്നതുവരെ…(ഫെയ്‌സ്ബുക്ക് പോസ്റ്റ്)

കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്റെ പ്രതികരണം
സി.പി.എം. ജനറല്‍ സെക്രട്ടറിയും സമുന്നത രാഷ്ട്രീയനേതാവുമായ സിതാറാം യെച്ചൂരിക്ക് നേരെ ഇന്ന് പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി ഭവനില്‍ വച്ചുണ്ടായ കയ്യേറ്റം അങ്ങേയറ്റം അപലപനീയമാണ്. പ്രതിഷേധാര്‍ഹമാണ്. ഇത് ജനാധിപത്യ വ്യവസ്ഥിതിക്ക് നേരെയുള്ള കടന്നാക്രമണം കൂടിയാണ്.

മോഡിസര്‍ക്കാരിന്റെ തണലില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ രാജ്യത്ത് വളര്‍ത്തിയെടുത്തിട്ടുള്ള അസഹിഷ്ണുതയുടെ പ്രതിഫലനമാണിത്. യെച്ചൂരിയെ പോലുള്ള ഉന്നത രാഷ്ട്രീയനേതാവിനു പോലും ഇത്തരത്തിലുള്ള ഫാസിസ്റ്റ് അക്രമങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നു എന്നുള്ളത് രാജ്യം അഭിമുഖീകരിക്കുന്ന ആപത്കരമായ അവസ്ഥയെയാണ് വ്യക്തമാക്കുന്നത്.(ഫെയ്‌സ്ബുക്ക് പോസ്റ്റ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍