UPDATES

വാര്‍ത്തകള്‍

യുപിയില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി

പശ്ചിമ യുപിയില്‍ ബി എസ് പി – എസ് പി – ആര്‍എല്‍ഡി സഖ്യത്തിന് തലവേദനയാകുന്ന വിധത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന യുപിയിലെ സഹരണ്‍പൂര്‍ മണ്ഡലത്തില്‍ ഭീം ആര്‍മി കോണ്‍ഗ്രസിന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചത്.

ലോക്‌സഭ തിരഞ്ഞടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി. പശ്ചിമ യുപിയില്‍ ബി എസ് പി – എസ് പി – ആര്‍എല്‍ഡി സഖ്യത്തിന് തലവേദനയാകുന്ന വിധത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന യുപിയിലെ സഹരണ്‍പൂര്‍ മണ്ഡലത്തില്‍ ഭീം ആര്‍മി കോണ്‍ഗ്രസിന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചത്. പശ്ചിമ യുപിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഭീം ആര്‍മിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. ചന്ദ്രശേഖര്‍ ആസാദ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രിയങ്ക ഗാന്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിയിട്ടിരുന്നു. സഹരണ്‍പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിന് വോട്ട് ചെയ്യണമെന്ന് പ്രവര്‍ത്തകരോട് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടിരുന്നു.

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ് മത്സരിച്ചേക്കുമെന്ന് അടക്കമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. മോദി എവിടെ മത്സരിച്ചാലും താന്‍ എതിരെ മത്സരിക്കാന്‍ തയ്യാറാണ് എന്ന് ചന്ദ്രശേഖര്‍ ആസാദ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച് മോദിക്ക് ഗുണമുണ്ടാക്കാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞ് ആസാദ് പിന്മാറുകയായിരുന്നു. മുലായം സിംഗ് യാദവും അഖിലേഷ് യാദവും ബിജെപി ഏജന്റുമാരാണ് എന്ന് പറഞ്ഞ ആസാദ് മായാവതിക്കെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു. അതേസമയം ചന്ദ്രശേഖര്‍ ആസാദ് ആണ് ബിജെപി ഏജന്റ് എന്നാണ് മായാവതി പറഞ്ഞത്. ദലിത് വോട്ടുകളെ ഭിന്നിപ്പിക്കാനാണ് ആസാദ് ശ്രമിക്കുന്നത് എന്നാണ് മായാവതി ആരോപിച്ചത്. ഇതിന് പിന്നാലെ വരാണസിയില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മോദിയെ സഹായിക്കാന്‍ ആഗ്രഹമില്ലെന്നും ആസാദ് പറഞ്ഞിരുന്നു.

അതേസമയം തങ്ങളെ സര്‍ക്കാരും പൊലീസും വേട്ടയാടിയപ്പോള്‍, ആരും സഹായിക്കാനില്ലാതിരുന്നപ്പോള്‍ ഇമ്രാന്‍ മസൂദ് സഹായിച്ചിട്ടുണ്ട് എന്ന് ഭീം ആര്‍മി സഹരണ്‍പൂര്‍ ജില്ല പ്രസിഡന്റ് രാജ് ഗൗതം പറയുന്നു. 2017ലെ ജാതി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആസാദ് അടക്കമുള്ള ഭീം ആര്‍മി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ കേസുകളും പൊലീസ് നടപടികളും സൂചിപ്പിച്ചാണ് രാജ് ഗൗതം ഇക്കാര്യം പറഞ്ഞത്. ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നില്ല. മസൂദിനെ മാത്രമാണ് പിന്തുണക്കുന്നത്. വ്യക്തിപരമായ താല്‍പര്യം കൊണ്ടാണ് അത് എന്നുമാണ് ഭീം ആര്‍മി നേതാവ് പറഞ്ഞത്. തങ്ങളുടെ പ്രവര്‍ത്തകരെ ബി എസ് പി, എസ് പി പ്രവര്‍ത്തകര്‍ ആക്രമിച്ചതായും പോസ്റ്ററുകള്‍ കീറിയതായും ഭീം ആര്‍മി നേതാക്കള്‍ക്ക് പരാതിയുണ്ട്.

ബിജെപിയുടെ സിറ്റിംഗ് സീറ്റാണിത്. രാഘവ് ലഖന്‍പാലാണ് എംപി. ഇത്തവണ വീണ്ടും മത്സരിക്കുന്നു. ബി എസ് പി – എസ് പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ഫയ്‌സുള്‍ റഹ്മാനാണ്. ദിയോബാന്ദിലെ മഹാസഖ്യ റാലിയില്‍ കഴിഞ്ഞ ദിവസം മായാവതി ആവശ്യപ്പെട്ടത്. മുസ്ലീങ്ങള്‍ ഫയ്‌സുള്‍ റഹ്മാന് വോട്ട് ചെയ്യണം എന്നാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കരുത് എന്നാണ്.

2018ലെ കൈരാന ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് സമയത്ത് ബി എസ് പിയുടേയും എസ് പിയുടേയും കോണ്‍ഗ്രസിന്റേയുമെല്ലാം പിന്തുണയുണ്ടായിരുന്ന ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി തബ്‌സൂം ഹസനെ (എസ് പി അംഗം) പിന്തുണക്കാന്‍ ഭീം ആര്‍മി ആഹ്വാനം ചെയ്തിരുന്നു. ബിജെപിയുടെ സിറ്റിംഗ് സീറ്റ് പ്രതിപക്ഷം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 2014ലോ തിരഞ്ഞെടുപ്പില്‍ സഹരണ്‍പൂരില്‍ ബിജെപിയുടെ ലഘന്‍പാല്‍ 4,27,999 വോട്ടും ഇമ്രാന്‍ മസൂദ് 4,07,909 വോട്ടുമാണ് നേടിയിരുന്നത്. മൊത്തം 17,22,580 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ ആറ് ലക്ഷത്തോളം മുസ്ലീങ്ങളുണ്ട്. മൂന്ന് ലക്ഷത്തോളം പട്ടികജാതി – പട്ടികവര്‍ഗ വോട്ടര്‍മാരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍