UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പനാജി ഉപതിരഞ്ഞെടുപ്പ്: മനോഹര്‍ പരീഖറുടെ മകന് ബിജെപി സീറ്റ് നല്‍കിയില്ല

മുന്‍ എംഎല്‍എ സിദ്ധാര്‍ത്ഥ് കുണ്‍കൊലിങ്കറെ ഇവിടെ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചു.

മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് ഗോവയിലെ പനാജി നിയമസഭ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കറിന് ബിജെപി സീറ്റ് നിഷേധിച്ചു. മുന്‍ എംഎല്‍എ സിദ്ധാര്‍ത്ഥ് കുണ്‍കൊലിങ്കറെ ഇവിടെ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചു. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയായിരുന്ന പരീക്കറിന് വേണ്ടിയാണ് സിദ്ധാര്‍ത്ഥ് കുണ്‍കൊലിങ്കര്‍ 2017 മേയ് 10ന് എംഎല്‍എ സ്ഥാനം രാജി വച്ചത്. മേയ് 19നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പാര്‍ട്ടിയാകാന്‍ കഴിയാതിരുന്നിട്ടും പ്രാദേശിക പാര്‍ട്ടികളുടേയും സ്വതന്ത്രന്റേയും പിന്തുണയോടെ ബിജെപി സര്‍്ക്കാര്‍ രൂപീകരിച്ചപ്പോള്‍, പ്രതിരോധ മന്ത്രി സ്ഥാനം രാജി വച്ച് പരീകര്‍ സംസ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു. ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി എന്നിവയാണ് സര്‍ക്കാരിന് പിന്തുണ നല്‍കുന്ന പ്രാദേശിക കക്ഷികള്‍. അതീവ ഗുരുതരാവസ്ഥയിലായിട്ടും പരീകറെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി തയ്യാറാകാതിരുന്നത് സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങളും പ്രചാരണങ്ങളുമുണ്ടായി. ഒരു ഘട്ടത്തില്‍ സര്‍ക്കാരിന്റെ നിയമസഭയിലെ ഭൂരിപക്ഷം പോലും ചോദ്യം ചെയ്യപ്പെട്ടു.

പരീകറെ സ്ഥാനത്ത് നിന്ന് മാറ്റാതിരിക്കാന്‍ റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തെളിവുകള്‍ അദ്ദേഹത്തിന്റെ കയ്യിലുള്ളത് കൊണ്ടാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി പരീകര്‍ രംഗത്തെത്തി. പാന്‍ക്രിയാസ് കാന്‍സര്‍ ബാധിതനായിരുന്ന പരീകര്‍ 2018 ആദ്യം മുതല്‍ യുഎസിലേയും ഇന്ത്യയിലേയും ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. വലിയ ഭരണപ്രതിസന്ധിയാണ് ഗോവയിലുണ്ടായിരുന്നത്. പരീകറുടെ മരണത്തെ തുടര്‍ന്ന് പ്രമോദ് സാവന്തിനെ ബിജെപി മുഖ്യമന്ത്രിയാക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍