UPDATES

ട്രെന്‍ഡിങ്ങ്

മെഡിക്കല്‍ കോളേജ് കോഴയില്‍ കുരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം; എന്‍ഐഎ അന്വേഷിക്കണമെന്ന് ജന്മഭൂമി

കേന്ദ്ര സര്‍ക്കാറിനെപ്പോലും പ്രതിരോധത്തിലാക്കും വിധം കേരളത്തില്‍ നിന്ന് ഉയര്‍ന്ന കോഴ വിവാദത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്.

മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നില പരുങ്ങലില്‍. സംസ്ഥാന നേതാക്കള്‍ക്ക് കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രിസ്ഥാനവും ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനങ്ങളും ഇതോടെ അനിശ്ചിതത്വത്തിലായെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചനയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുണ്ടായിരിക്കുന്ന തിരിച്ചടി രാഷ്ട്രീയമായി മറികടക്കാനുള്ള തന്ത്രങ്ങളാകും ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിലും കോര്‍ കമ്മിറ്റി യോഗത്തിലും ചര്‍ച്ച ചെയ്യപ്പെടുക. അതേസമയം കോഴ ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വിജിലന്‍സ് അന്വേഷണം നിഷ്പക്ഷമാകില്ലെന്നും എന്‍ഐഎ അന്വേഷിക്കണമെന്നുമാണ് ജന്മഭൂമിയുടെ ആവശ്യം.

കേരള നേതാക്കളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ പരാതികളുണ്ട്. വിഭാഗീയതയാണ് കേരളത്തിലെ വളര്‍ച്ചയ്ക്ക് തടസമെന്ന് അടുത്തിടെ കേരളത്തിലെത്തിയപ്പോള്‍ അമിത് ഷാ തുറന്നടിച്ചിരുന്നു. അഴിമതി ആരോപണങ്ങള്‍ കൂടി ഉയര്‍ന്നതോടെ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ തല കുനിച്ചുനില്‍ക്കേണ്ട അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം. വിഷയം ബിജെപിക്കെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റിലും ഉന്നയിച്ചു. അഴിമതിയില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനും പങ്കുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിനെപ്പോലും പ്രതിരോധത്തിലാക്കും വിധം കേരളത്തില്‍ നിന്ന് ഉയര്‍ന്ന കോഴ വിവാദത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്.

പാര്‍ട്ടിതലത്തില്‍ രഹസ്യമായി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പകര്‍പ്പ് സഹിതം ചോര്‍ന്നത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയായാണ് പരിഗണിക്കപ്പെടുക. മാത്രമല്ല ഈ റിപ്പോട്ടിന്മേല്‍ സംസ്ഥാന നേതൃത്വം യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നതും വിഷയമാണ്. അന്വേഷണ കമ്മിഷന്‍ അംഗമായ നസീറില്‍ നിന്ന് റിപ്പോര്‍ട്ട് ചോര്‍ന്നു എന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിഗമനമെങ്കിലും സംസ്ഥാന അധ്യക്ഷന്റെ ഓഫിസില്‍ നിന്നാണ് റിപ്പോര്‍ട്ട് പുറത്തുപോയതെന്ന മറുവാദം എതിര്‍ഗ്രൂപ്പ് ഉന്നയിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെ ജന്മഭൂമി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ചോര്‍ത്തി ബിജെപിയെ നാണം കെടുത്തിയവരെ കണ്ടെത്തണമെന്നും കമ്മീഷന്‍ അംഗം റിപ്പോര്‍ട്ട് എന്തിന് ഒരു ഹോട്ടലിലേക്ക് ഇ മെയില്‍ ചെയ്തുവെന്നും ജന്മഭൂമി ചോദിക്കുന്നു. റസിഡന്റ് എഡിറ്ററുടെ മറുപുറം എന്ന പംക്തിയിലാണ് വിമര്‍ശനങ്ങള്‍.

ബിജെപി സംസ്ഥാന നേതൃത്വത്തില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചിരുന്നു. കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് എം.ടി രമേശ് അമിത്ഷാക്ക് പരാതി നല്‍കും. കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്നുമാണ് ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍