UPDATES

ട്രെന്‍ഡിങ്ങ്

ജവാന്റെ മൃതദേഹമുള്ള വാഹനത്തില്‍ ചിരിച്ചുകൊണ്ട് ബിജെപി എംപി സാക്ഷി മഹാരാജിന്റെ ‘റോഡ് ഷോ’

അജിത് കുമാറിന്റെ മൃതദേഹം കൊണ്ടുപോയിരുന്ന ട്രക്കില്‍ കയറി നിന്ന് ആള്‍ക്കൂട്ടത്തെ കൈവീശി കാണിച്ച സാക്ഷി മഹാരാജിന്റെ നടപടി വിവാദമായി.

വിവാദങ്ങളിലൂടെയും പ്രകോപനപരമായ വര്‍ഗീയ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധനായ ബിജെപി എംപി സാക്ഷി മഹാരാജ്, ജമ്മു കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാനെ അപമാനിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഉന്നാവോ സ്വദേശിയായ അജിത് കുമാര്‍ ആസാദിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോളായിരുന്നു സംഭവം. അജിത് കുമാറിന്റെ മൃതദേഹം കൊണ്ടുപോയിരുന്ന ട്രക്കില്‍ കയറി നിന്ന് ആള്‍ക്കൂട്ടത്തെ കൈവീശി കാണിച്ച സാക്ഷി മഹാരാജിന്റെ നടപടി വിവാദമായി. ഇതിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷവിമര്‍ശനങ്ങളാണ് സാക്ഷി മഹാരാജിനെതിരെ ഉയര്‍ന്നത്.

എന്തൊരു മര്യാദയില്ലായ്മയാണിത്. അത് ബിജെപി റോഡ് ഷോ ആയിരുന്നില്ല. രക്തസാക്ഷിയായ, ഈ രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീര സൈനികന്‍ അജിത് കുമാര്‍ ആസാദിന്റെ അന്ത്യയാത്രയായിരുന്നു എന്ന് ആരെങ്കിലും സാക്ഷി മഹാരാജിന് പറഞ്ഞുകൊടുക്കണം – പ്രശാന്ത് കുമാര്‍ പോസ്റ്റില്‍ കുറിച്ചു. സാക്ഷി വോട്ടിന് വേണ്ടി എന്തും ചെയ്യുമെന്ന് അങ്കിത് മിശ്ര എന്നയാള്‍ എഴുതി.

പുല്‍വാമ ഭീകരാക്രമണമുണ്ടായി മണിക്കൂറുകള്‍ക്കകം മധ്യപ്രദേശിലെ ഝാന്‍സിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലി നടത്തിയത് വിവാദമായിരുന്നു. ഈ സമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായി പിയൂഷ് ഗോയല്‍ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായി സഖ്യ ചര്‍ച്ചകളിലായിരുന്നു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം മറ്റൊരു ബിജെപി എംപി മനോജ് തിവാരി അലഹബാദില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുകയും ആള്‍ക്കൂട്ടത്തെ ആവേശം കൊള്ളിക്കുകയുമായിരുന്നു. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം കൊല്ലപ്പെട്ട വയനാട് സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ മൃതദേഹത്തിന് മുന്നില്‍ നിന്ന് എടുത്ത ഫോട്ടോ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍