UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി ഗുജറാത്ത് നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേകള്‍; ചെറിയ മുന്‍തൂക്കം മാത്രം

ബിജെപിക്ക് ശരാശരി 105 മുതല്‍ 106 വരെ സീറ്റ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടുമെന്നാണ് ഇതുവരെയുള്ള മൂന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് എന്‍ഡിടിവിയുടെ പ്രവചനം.

വലിയ വെല്ലുവിളികളും പ്രതിസന്ധിയുമുണ്ടെങ്കിലും ഗുജറാത്ത് ഇത്തവണയും ബിജെപിയെ കൈവിടില്ലെന്ന് വീണ്ടുമൊരു അഭിപ്രായ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ മുന്‍തൂക്കം മാത്രം നേടി ബിജെപി തുടര്‍ച്ചയായ അഞ്ചാം തവണ അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. ബിജെപിക്ക് ശരാശരി 105 മുതല്‍ 106 വരെ സീറ്റ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടുമെന്നാണ് ഇതുവരെയുള്ള മൂന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് എന്‍ഡിടിവിയുടെ പ്രവചനം. 182 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 92 സീറ്റാണ്. കോണ്‍ഗ്രസ് 73 – 74 സീറ്റുകള്‍ നേടുമെന്ന് പറയുന്നു.

ഇന്ത്യ ടിവിയുടെ അഭിപ്രായ സര്‍വേ ഫലം പറയുന്നത് ബിജെപി 106 മുതല്‍ 116 വരെ സീറ്റ് നേടുമെന്നാണ്. കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയത് 116 സീറ്റാണ്. ടൈംസ് നൗ, ബിജെപിക്ക് 111 സീറ്റ് പ്രവചിക്കുമ്പോള്‍ എബിപി – സിഎസ്ഡിഎസ് സര്‍വേ പറയുന്നത്. ബിജെപി 91 മുതല്‍ 99 സീറ്റില്‍ ഒതുങ്ങുമെന്നാണ്. 91 സീറ്റ് കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവാണ്. മൂന്ന് സര്‍വേ ഫലങ്ങളും പറയുന്നത് കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിനേക്കാള്‍ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ്. ഇന്ത്യ ടിവി പറയുന്നത് കോണ്‍ഗ്രസ് 63 മുതല്‍ 73 വരെ സീറ്റ് നേടുമെന്നാണ്. 68 സീറ്റാണ് ടൈംസ് നൗ പ്രവചിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് 78 മുതല്‍ 86 സീറ്റ് വരെ നേടാമെന്ന് എബിപി – സിഎസ്ഡിഎസ് പറയുന്നു. കഴിഞ്ഞ തവണ 60 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്.

150 സീറ്റാണ് ബിജെപിയുടെ ലക്ഷ്യമായി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് 2002ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് – 127 സീറ്റ്. ശനിയാഴ്ച 89 സീറ്റുകളിലേയ്ക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 14ന് 93 സീറ്റുകളിലേയ്ക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ്. 18ന് ഹിമാചല്‍ പ്രദേശിനൊപ്പം ഫലപ്രഖ്യാപനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍