UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അലഹബാദിനെ പ്രയാഗ്‌രാജ് ആക്കുമെന്ന് യോഗി; ഫൈസാബാദിനെ നരേന്ദ്രമോദിപ്പൂര്‍ ആക്കണമെന്ന് ജസ്റ്റിസ് കട്ജു

ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നിര്‍ണായക മുന്നേറ്റങ്ങള്‍ നടന്നയിടവും ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മസ്ഥലവുമായ അലഹബാദിന്റെ പേര് നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റാന്‍ ആലോചിക്കുന്നതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിരവധി പേര്‍ ഇത്തരത്തില്‍ പേര് മാറ്റുന്നതിന് താല്‍പര്യപ്പെടുന്നുണ്ടെന്നും ഇക്കാര്യം ചര്‍ച്ച ചെയ്ത് ‘അഭിപ്രായസമന്വയ’മുണ്ടാക്കിയ ശേഷം തീരുമാനമെടുക്കുമെന്നാണ് യോഗി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കുംഭമേളയ്ക്ക് മുമ്പായി അലഹാബാദിന്റെ പേര് മാറ്റാനാണ് യോഗി സര്‍ക്കാരിന്റെ നീക്കമെന്ന് എന്‍ഡിടിവി പറയുന്നു. അലഹബാദിന്റെ പഴയ പേര് പ്രയാഗ് എന്നായിരുന്നു എന്നും 1575ല്‍ അക്ബര്‍ ചക്രവര്‍ത്തിയാണ് ‘ദൈവത്തിന്റെ വീട്’ എന്നര്‍ത്ഥം വരുന്ന ഇലാഹാബാദ് എന്ന് പേര് മാറ്റിയതെന്നും പിന്നീട് ഇത് അലഹബാദ് ആയി മാറുകയായിരുന്നു എന്നും പേര് മാറ്റത്തെ അനുകൂലിക്കുന്ന ബിജെപി – സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നു (ഹിന്ദിയില്‍ ഇലാഹാബാദ് എന്ന് ഉപയോഗിക്കുന്നു). അതേസമയം അലഹബാദിന്‍റെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നഗരത്തിലെത്തിയ യോഗിയെ എസ് പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു – വീഡിയോ

അതേസമയം കുംഭമേള നടക്കുന്ന അലഹബാദിലെ സ്ഥലം നിലവില്‍ തന്നെ പ്രയാഗ് (സംഗമസ്ഥലം) എന്നാണ് അറിയപ്പെടുന്നതെന്നും വേണമെങ്കില്‍ പ്രയാഗ് രാജ് എന്ന പേരില്‍ ഒരു പ്രത്യേക നഗരമുണ്ടാക്കാവുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് ഓംകാര്‍ സിംഗ് പറയുന്നു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നിര്‍ണായക മുന്നേറ്റങ്ങള്‍ നടന്നയിടവും ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മസ്ഥലവുമായ അലഹബാദിന്റെ പേര് നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഈയടുത്ത് യുപിയിലെ മുഗള്‍സാരായ് റെയില്‍വേ സ്റ്റേഷന്റെ പേര് ബിജെപി സര്‍ക്കാര്‍ ദീന്‍ ദയാല്‍ ഉപാധ്യായ എന്നാക്കി മാറ്റിയിരുന്നു. ഡല്‍ഹിയില്‍ മുഗള്‍ പേരുകളുണ്ടായിരുന്ന റോഡുകളുടെ പേര് മാറ്റിയ നടപടിയും വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.

യോഗി സര്‍ക്കാരിന്‍റെ ആലോചനയെ പരിഹസിച്ച്, യുപിയിലെ 18 നഗരങ്ങള്‍ക്ക് പുതിയ പേര് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. ഫൈസാബാദിനെ നരേന്ദ്രമോദിപ്പൂര്‍ എന്നും ഫത്തേപ്പൂരിനെ അമിത് ഷാപൂര്‍ എന്നും മൊറാദാബാദിനെ മന്‍ കി ബാത്ത് നഗര്‍ എന്നും പേര് മാറ്റണമെന്നാണ് കട്ജുവിന്‍റെ നിര്‍ദ്ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍