UPDATES

സിനിമ

വിടവാങ്ങിയത് ആദ്യ പാന്‍-ഇന്ത്യന്‍ നായിക, ലേഡി സൂപ്പര്‍ സ്റ്റാര്‍

ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ദുബായില്‍ എത്തിയപ്പോഴാണ് അന്ത്യം

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച വനിതാ താരങ്ങളിലൊന്നായ ലേഡി സൂപ്പര്‍സ്റ്റാര്‍ര്‍ ശ്രീദേവി വിടവാങ്ങി. ഇന്നലെ രാത്രി 11.30-ന് ദുബായിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതെ തുടര്‍ന്നായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഭര്‍ത്താവ് ബോണി കപൂറിനും മകള്‍ ഖുശിക്കുമൊപ്പം ഒരു വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു ശ്രീദേവി. മൃതദേഹം ഇന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിക്കുമെന്നും മുംബൈയില്‍ തന്നെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ എന്നുമാണ് കുടുംബ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

അഞ്ചു പതിറ്റാണ്ട് ഇന്ത്യന്‍ സിനിമയിലെ വിവിധ ഭാഷകളില്‍ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച ശേഷമായിരുന്നു ശ്രീദേവിയുടെ വിടവാങ്ങല്‍. മൂത്ത മകള്‍ ജാഹ്നഹ്‌നവി കരണ്‍ ജോഹര്‍ ചിത്രമായ ധദക്കിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അന്ത്യം.

ആന്ധ്ര സ്വദേശിനി രാജേശ്വരിയുടേയും അഭിഭാഷകനായ അയ്യപ്പന്റേയും മകളായ ജനിച്ച ശ്രീദേവി നാലാം വയസില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായാണ് അരങ്ങേറ്റം കുറിക്കുന്നത്. 1971-ല്‍ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന മലയാള ചലച്ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ശ്രീദേവി പിന്നീട് തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ബാലതാരമായി വേഷമിട്ടു.

കമലാ ഹാസന്റെ നായികയായി 13-ാം വയസില്‍ വേഷമിട്ട ശ്രീദേവിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കമലിനൊപ്പം നിരവധി വേഷങ്ങളില്‍ നായികയായ ശ്രീദേവി തമിഴിലെ പ്രധാനപ്പെട്ട നായികമാരിലൊരാളായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. ഇതേ സമയത്തു തന്നെയാണ് തെലുങ്കിലും ശ്രീദേവി തന്റെ മികവ് തെളിയിച്ചത്. അരവിന്ദ് സ്വാമിക്കൊപ്പമുള്ള ദേവരാഗം ഉള്‍പ്പെടെ 26 മലയാള ചിത്രങ്ങളുമായി മലയാളത്തിലും ശ്രീദേവി തരംഗമായി.

ആദ്യത്തെ പാന്‍-ഇന്ത്യ നായിക എന്നു വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വെന്നിക്കൊടി പാറിച്ച ശേഷമായിരുന്നു ബോളിവുഡിലെത്തുന്നത്. സാദ്മ, ചാന്ദ്‌നി, ഹിമ്മത്‌വാല, ചാല്‍ബസാര്‍, മി. ഇന്ത്യ, നഗീന, മാവ്‌ലി, തോഹ്ഫാ, ഗുമ്‌റാ തുടങ്ങിയ ഹിന്ദി ചിത്രങ്ങള്‍ ശ്രീദേവിയുടെ മികവിനെ എടുത്തു പറയേണ്ടതാണ്. ജുഡായ് എന്ന ചിത്രത്തിനു ശേഷം സിനിമാ ജീവിതത്തില്‍ നിന്ന് 15 വര്‍ഷത്തെ ബ്രേക്ക് എടുത്ത ശ്രീദേവി പിന്നീട് തിരിച്ചെത്തുന്നത് 2012-ലെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചലച്ചിത്രത്തിലൂടെയാണ്.

പുരുഷ താരങ്ങളുടെ സഹായമില്ലാതെ ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച ലേഡി സുപ്പര്‍ സ്റ്റാര്‍ തന്നെയായിരുന്നു ശ്രീദേവി. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന ഇംഗ്ലീഷ് വിംഗ്ലീഷിലെ കഥാപാത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി, പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. 2017-ല്‍ ഇറങ്ങിയ മോം ആണ് അവസാന ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍