UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: വാര്‍ത്താസമ്മേളനം നടത്തിയ പൊലീസിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

സുപ്രീം കോടതി ഈ കേസ് പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. കേസ് കോടതിയുടെ പരിഗണനയിലായിരിക്കെ എങ്ങനെയാണ് ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു.

അഞ്ച് സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയ മഹാരാഷ്ട്ര പൊലീസിന്, ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും ശാസനയും. ആക്ടിവിസ്റ്റുകളുടെ മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് അവകാശപ്പെട്ടിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായിരിക്കെ എങ്ങനെയാണ് ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു. സുപ്രീം കോടതി ഈ കേസ് പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ കേസ് വിവരങ്ങള്‍ പുറത്തുവിടുന്നത് തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭീമ കോറിഗാവ് സംഘര്‍ഷത്തിന്റെ ഇരയെന്ന് പറയുന്ന സതീഷ് ഗെയ്ക്‌വാദ് എന്നയാളാണ് പൊലീസിനെതിരെ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കാമറ വച്ച് രഹസ്യ ഹിയറിംഗ് നടത്തണം എന്ന് ആവശ്യപ്പെടുന്ന പൊലീസ് തന്നെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് വിവരങ്ങള്‍ പറയുന്നതെന്ന് സതീഷ് ഗെയ്ക്‌വാദ് ചൂണ്ടിക്കാട്ടി. കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്നും സതീഷ് ഗെയ്ക്‌വാദ് ആവശ്യപ്പെടുന്നു. ഹര്‍ജി കോടതി സെപ്റ്റംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.

ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് പൊലീസ് വാര്‍ത്താസമ്മേളനം വിളിച്ചതും അറസ്റ്റ് ചെയ്തവര്‍ക്കെതിരെ വ്യക്തമായ തെളിവുകളും രേഖകളുമുണ്ടെന്ന് അവകാശപ്പെട്ടതും. ആയുധങ്ങള്‍ ശേഖരിക്കുന്നതിലും ഫണ്ടിംഗിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു. പൊലീസിന്റെ ആരോപണങ്ങളെല്ലാ്ം കെട്ടിച്ചമച്ചതാണെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു. തന്റേതെന്ന് പൊലീസ് പറയുന്ന കത്ത് വ്യാജമാണെന്ന് സുധ ഭരദ്വാജ് പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത അഞ്ച് ആക്ടിവിസ്റ്റുകളെ (വരാവര റാവു, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, ഗൗതം നവ്‌ലാഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്) സെപ്റ്റംബര്‍ ആറ് വരെ വീട്ടുതടങ്കലില്‍ വയ്ക്കാനായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍