UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത് ഷായ്ക്ക് രഥയാത്ര നടത്താം: കല്‍ക്കട്ട ഹൈക്കോടതിയുടെ അനുമതി

കുച്ച് ബിഹാറില്‍ നിന്ന് ഡിസംബര്‍ 22നും സാഗര്‍ ഐലന്റില്‍ നിന്ന് 24നും താരാപീഠില്‍ നിന്ന് 26നും ബിജെപിയുടെ ബംഗാളിലെ രഥയാത്രകള്‍ തുടങ്ങുക.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താമെന്ന് കല്‍ക്കട്ട ഹൈക്കോടതി. മൂന്ന് രഥയാത്രകളാണ് ബംഗാളില്‍ ബിജെപി സംഘടപ്പിക്കുന്നത്. അതേസമയം ക്രമസമാധാന നില ഭദ്രമാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ രഥയാത്രയ്ക്ക് കോടതി അനുമതി നിഷേധിച്ചിരുന്നു. തൃണമൂല്‍ സര്‍ക്കാര്‍ രണ്ട് തവണ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങളുള്ളതിനാല്‍ റാലിക്ക് അനുമതി നല്‍കാനാകില്ല എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. തിങ്കളാഴ്ചയാണ് ബിജെപി രഥയാത്രയ്ക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ഏത് കോടതി തടഞ്ഞാലും രഥയാത്ര നടത്തുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.

രഥയാത്ര നടത്താനുദ്ദേശിക്കുന്ന മേഖലകള്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ള മേഖലകളാണെന്ന് ബിജെപിക്ക് നല്‍കിയ മറുപടി കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. മതപരമായ മാനങ്ങളുള്ളതിനാല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. ഈ സമയം ബംഗാളില്‍ വിവിധ ആഘോഷങ്ങള്‍ നടക്കുന്ന സമയമാണ്. വലിയ തോതില്‍ പൊലീസ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യമായി വരും. ബിജെപി ആവശ്യപ്പെട്ട് സമയത്ത്, ഈ മേഖലകളില്‍ രഥയാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ബിജെപി നേതാക്കളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയുടെ വീഡിയോ റെക്കോഡ് ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കുച്ച് ബിഹാറില്‍ നിന്ന് ഡിസംബര്‍ 22നും സാഗര്‍ ഐലന്റില്‍ നിന്ന് 24നും താരാപീഠില്‍ നിന്ന് 26നും ബിജെപിയുടെ ബംഗാളിലെ രഥയാത്രകള്‍ തുടങ്ങുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍