UPDATES

ട്രെന്‍ഡിങ്ങ്

ജാതി മതില്‍; മാര്‍ച്ച് നാലിന് ദളിത് സംഗമം പ്രഖ്യാപിച്ച വികെ ജോയിയെ പോലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റ് കെ പി എം എസിന്റെ പരാതിയെ തുടര്‍ന്ന് ; ദളിത് ഭൂ അവകാശ സമര മുന്നണിയുടെ സമരസഹായ സമിതി കണ്‍വീനറാണ് ജോയ്

വടയമ്പാടി സമരപ്പന്തലില്‍ വീണ്ടും അറസ്റ്റ്. ജാതി മതിലിനെതിരെ സമരം ചെയ്യുന്ന ദളിത് ഭൂ അവകാശ സമര മുന്നണിയുടെ സമരസഹായ സമിതി കണ്‍വീനര്‍ വി.കെ.ജോയിയെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരമാണ് ജോയിക്കെതിരെ കേസെടുത്തിട്ടുള്ളത്. കെപിഎംഎസ് ഓഫീസ് കെട്ടിടത്തോട് ചേര്‍ന്ന് സ്ഥാപിച്ച താല്‍ക്കാലിക സമരപ്പന്തല്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് എത്തിയ കെപിഎംഎസ് പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന് കാണിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്ന് പോലീസ് പറയുന്നു.

എന്നാല്‍ ജാതിമതില്‍ സമരം അടിച്ചമര്‍ത്താനുള്ള പോലീസിന്റെയും ജാതിസംഘടനകളുടേയും ശ്രമത്തിന്റെ ഭാഗമാണ് ജോയിക്കെതിരെയുള്ള പരാതിയും അറസ്റ്റും എന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മാര്‍ച്ച് നാലിന് ദളിത് സംഗമം പ്രഖ്യാപിച്ച് എറണാകുളം പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയയുടനെയായിരുന്നു അറസ്റ്റ് എന്ന് സമരക്കാര്‍ പറയുന്നു. ‘സമരത്തിന്റെ തുടക്കം മുതല്‍ മുന്നില്‍ നിന്നയാളാണ് ജോയി. ഇപ്പോള്‍ കള്ളക്കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്തിരിക്കുകയാണ്. സമരത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. പത്രസമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ ജോയി സമരപ്പന്തലില്‍ ഊണ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ചോറ് പാത്രം വലിച്ചെറിഞ്ഞ് പോലീസ് വണ്ടിയില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. സ്ത്രീകളും കുട്ടികളും നില്‍ക്കുമ്പോള്‍ കേട്ടാലറക്കുന്ന തെറിവാക്കുകളാണ് പോലീസ് ജോയിയോട് പറഞ്ഞത്.’ സമരസമിതി കണ്‍വീനര്‍ എന്‍.വി.അയ്യപ്പന്‍കുട്ടി പറഞ്ഞു.

വടയമ്പാടിയില്‍ നിന്ന് മുമ്പ് പോലീസ് അറസ്റ്റ് ചെയ്ത അഭിലാഷ്, അനന്തു, ശശിധരന്‍ എന്നിവര്‍ ജാമ്യത്തിലിറങ്ങിയയുടനെയാണ് പോലീസ് നടപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍