UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിബിഐയുടെ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം: കൊല്‍ക്കത്ത പൊലീസ് മേധാവിയെ കാണാനില്ല

കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജീവ് കുമാറിന് സിബിഐ സമന്‍സ് നല്‍കിയിരുന്നു. ഹാജരായില്ലെങ്കില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുമെന്നാണ് സിബിഐ പറയുന്നത്.

റോസ് വാലി, ശാരദ ചിട്ടി തട്ടിപ്പ് കേസുകളില്‍ സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെ കൊല്‍ക്കത്ത പൊലീസ് മേധാവി രാജീവ് കുമാറിനെ കാണാനില്ല. കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജീവ് കുമാറിന് സിബിഐ സമന്‍സ് നല്‍കിയിരുന്നു. ഹാജരായില്ലെങ്കില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുമെന്നാണ് സിബിഐ പറയുന്നത്.

വെസ്റ്റ് ബംഗാള്‍ കേഡറിലെ 1989 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. ചിട്ടി തട്ടിപ്പ് കേസുകളില്‍ പശ്ചിമ ബംഗാള്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നയിച്ചത് രാജീവ് കുമാറാണ്. കേസുകളുമായി ബന്ധപ്പെട്ട് ചില രേഖകള്‍ കാണാനില്ലെന്നാണ് സിബിഐ പറയുന്നത്.

ഹാജരാകാനുള്ള നോട്ടീസുകളോട് രാജീവ് കുമാര്‍ പ്രതികരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി കൊല്‍ക്കത്ത സന്ദര്‍ശിച്ച ഇലക്ഷന്‍ കമ്മീഷന്‍ അധികൃതരെ രാജീവ് കുമാര്‍ കണ്ടിട്ടില്ല എന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജീവ് കുമാര്‍ എവിടെയാണ് എന്ന് അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നത്.

15000 കോടി രൂപയുടെ തട്ടിപ്പാണ് റോസ് വാലി കേസിലുള്ളത്. ശാരദ കേസില്‍ 2500 കോടി രൂപയുടേതും. ഇരു കേസുകളിലേയും പ്രതികള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരാണ് എന്ന് സിബിഐ പറയുന്നു. ഉയര്‍ന്ന പലിശ നിരക്കില്‍ നിക്ഷേപങ്ങള്‍ വന്‍ തോതില്‍ സമാഹരിച്ച ശേഷം നിക്ഷേപകരെ വഞ്ചിച്ചു എന്നാണ് കേസ്. 2014ലാണ് ചിട്ടി തട്ടിപ്പ് കേസുകളുടെ അന്വേഷണം സുപ്രീം കോടതി സിബിഐക്ക് കൈമാറിയത്.

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂലിനെതിരെ ചിട്ടി തട്ടിപ്പ് കേസുകള്‍ വലിയ പ്രചാരണ വിഷയമാണെങ്കിലും തൃണമൂല്‍ വന്‍ വിജയം നേടി അധികാരത്തുടര്‍ച്ചയുണ്ടാക്കി. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍