ഒരു ഫോണ്‍ നമ്പറും നിയവിരുദ്ധമായി ഇന്റര്‍സെപ്റ്റ് ചെയ്തിട്ടില്ല എന്നാണ് സിബിഐ പറയുന്നത്.
അലോക് വര്‍മ ഡയറക്ടറായിരിക്കെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റേയും മുന്‍ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടേയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല എന്ന് സിബിഐ ഡല്‍ഹി ഹൈക്കോടതിയില്‍. സിബിഐയുടെ സ്‌പെഷല്‍ യൂണിറ്റ് രണ്ട് പേരുടേയും കോളുകള്‍ ചോര്‍ത്തി എന്നാണ് ആരോപണം. ഒരു ഫോണ്‍ നമ്പറും നിയവിരുദ്ധമായി ഇന്റര്‍സെപ്റ്റ് ചെയ്തിട്ടില്ല എന്നാണ് സിബിഐ പറയുന്നത്. മുന്‍ നിയമ സെക്രട്ടറിയുടേയും ഐഎഎസ് ഉദ്യോഗസ്ഥരുടേയും ഫോണ്‍ ചോര്‍ത്തി എന്ന ആരോപണവും സിബിഐ നിഷേധിക്കുന്നു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്റെ ബഞ്ചിന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐ ഇക്കാര്യം പറയുന്നത്.
അജിത് ഡോവല്‍ അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയതില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും ഫോണ്‍ ടാപ്പിംഗ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടും സാര്‍ത്ഥക് ചതുര്‍വേദി എന്ന അഭിഭാഷകനാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നത് എന്ന് സിബിഐ ആരോപിച്ചു. ദേശീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ ചോര്‍ത്തുന്നത് എന്നാണ് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.