മായാവതിക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആറ് കേസുകളില്‍ പ്രാഥമിക അന്വേഷണങ്ങളും തുടങ്ങിയിട്ടുണ്ട്.
പഞ്ചസാര മില്‍ അഴിമതി കേസില്‍ ബി എസ് പി അധ്യക്ഷയും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആറ് കേസുകളില്‍ പ്രാഥമിക അന്വേഷണങ്ങളും തുടങ്ങിയിട്ടുണ്ട്. മായാവതി മുഖ്യമന്ത്രിയായിരിക്കെ, 2010-11 കാലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന 21 പഞ്ചസാര മില്ലുകള്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായാണ് ക്രമക്കേട് ആരോപിക്കപ്പെടുന്നത്. സര്‍ക്കാര്‍ ഖജനാവിന് 1179 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്. യുപി സ്റ്റേറ്റ് ഷുഗര്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മില്ലുകളാണിവ.
ലോക്സഭ തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേയ്ക്ക് കടക്കുകയും യുപിയില്‍ ബി എസ് പിയും സമാജ്വാദി പാര്‍ട്ടിയും സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യുമ്പോളാണ് മായാവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇത് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന നടപടിയാണ് എന്ന് ബി എസ് പി ദേശീയ ജനറല്‍ സെക്രട്ടറി രമാചല്‍ രാജ്ഭര്‍ ആരോപിച്ചു. ബിജെപിക്ക് ഇതിനുള്ള മറുപടി ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ നല്‍കുമെന്നും രാജ്ഭര്‍ പറഞ്ഞു.
തുച്ഛമായ വിലക്ക് പഞ്ചസാര മില്ലുകള്‍ വിറ്റ് പൊതുഖജനാവിന് നഷ്ടമുണ്ടാക്കി എന്നാണ് 2013ലെ സിഎജി റിപ്പോര്‍ട്ട് പറയുന്നത്. 2018 ഏപ്രിലില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. മായാവതിയുടേയും ബി എസ് പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടേയും നിര്‍ദ്ദേശപ്രകാരമാണ് പഞ്ചസാര മില്ലുകളുടെ വില്‍പ്പന നടത്തിയത് എന്നാണ് മുന്‍ മന്ത്രി നസീമുദ്ദീന് സിദ്ദിഖി 2017ല്‍ പറഞ്ഞത്. അതേസമയം സിദ്ദിഖി മാത്രമാണ് ഉത്തരവാദി എന്നായിരുന്നു മായാവതി പറഞ്ഞത്.