UPDATES

ദലിത് വിദ്യാര്‍ത്ഥിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു; അധ്യാപകനെ പുറത്താക്കി

ഇംഗ്ലീഷ് ആന്‍ഡ് കംപാരീറ്റീവ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്ഒഡി ആയ ഡോ.പ്രസാദ് പന്ന്യനെയാണ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അഖില്‍ താഴത്ത് എന്ന വിദ്യാര്‍ഥിയെ ഡിസ്മിസ്‌ ചെയ്യുകയും ചെയ്തിരിക്കുന്നു.

സര്‍വകലാശാല അധികൃതര്‍ക്കെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനം നടത്തിയതിന് കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും അധ്യാപകനേയും വിദ്യാര്‍ത്ഥിയേയും പുറത്താക്കി. ഇംഗ്ലീഷ് ആന്‍ഡ് കംപാരീറ്റീവ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്ഒഡി ആയ ഡോ.പ്രസാദ് പന്ന്യനെയാണ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ റിലേഷന്‍സിലെ  അഖില്‍ താഴത്ത് എന്ന വിദ്യാര്‍ഥിയെ ഡിസ്മിസ്‌ ചെയ്യുകയും ചെയ്തിരിക്കുന്നു. പിഎച്ച്ഡി ചെയ്യുന്ന നാഗരാജു എന്ന ദലിത് വിദ്യാര്‍ഥിക്കെതിരായ കേസിനും നാഗരാജുവിന്‍റെ അറസ്റ്റിനും എതിരായ പ്രതിഷേധം രേഖപ്പെടുത്തിയതാണ് നടപടിക്ക് കാരണം.

സംഘപരിവാര്‍ അനുകൂലിയായ വൈസ് ചാന്‍സലര്‍ ജി.ഗോപകുമാറിന്റെ താല്പര്യമാണ് സസ്‌പെന്‍ഷന് പിന്നില്‍ എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സര്‍വകലാശാലയുടെ തീരുമാനത്തെയും നിയമ നടപടിയേയും പ്രസാദ് പന്ന്യന്‍ വിമശിച്ചതായും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതായും സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തിയാണെന്നും പന്ന്യനെ സസ്‌പെന്‍ഡ് ചെയ്യുന്നതായി അറിയിച്ചുകൊണ്ടുള്ള ഓര്‍ഡറില്‍ കേന്ദ്ര സര്‍വകലാശാല പറയുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. വിമര്‍ശനമുന്നയിച്ചതിനും പ്രതിഷേധമറിയിച്ചതിനും അധ്യാപകനെ പുറത്താക്കിയ സര്‍വകലാശാല നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

വൈസ് ചാന്‍സലറും, സ്ഥലം എം.പി പി കരുണാകരനും തമ്മില്‍ കാലങ്ങളായി തര്‍ക്കത്തിലാണെന്നും, കേന്ദ്ര ഭരണ സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ ക്യാംപസിനെ വരുതിയില്‍ നിര്‍ത്താന്‍ ഉള്ള ശ്രമങ്ങള്‍ ചെറുക്കുന്നത് കൊണ്ടാണ് ഇതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു തവണ പരസ്യമായി ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതില്‍നെ തുടര്‍ന്ന് എച്ച്.ആര്‍.ഡി (മാനവ വിഭവശേഷി) മന്ത്രാലയം, വി.സിയെ ഡല്‍ഹിയില്‍ വിളിച്ച് വരുത്തി ശാസിച്ചിട്ടുണ്ട്. സര്‍വകലാശാല ആര്‍.എസ്.എസിന്റെ വരുതിയിലാക്കാനുള്ള ശ്രമമാണ് വൈസ് ചാന്‍സലര്‍ നടത്തുന്നത് എന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. കേരളത്തിലെ ആര്‍.എസ്.എസ് ചരിത്രത്തെക്കുറിച്ച് പുസ്തകം രചിച്ച ആളാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടപ്പെട്ടയാളായ വൈസ് ചാന്‍സലര്‍. ഭാരതീയ വിചാര കേന്ദ്ര വിയസ് പ്രസിഡന്റ് കൂടെയാണ് വിസി എന്നും ഇവര്‍ പറയുന്നു.

അധ്യാപക റിക്രൂട്ട്‌മെന്റിലും, വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കും ഇയാള്‍ മുന്‍കൈ പിടിക്കുന്നതായാണ് പരാതികള്‍. സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിയായ നാഗരാജുവിനെ കള്ളക്കേസില്‍ കുടുക്കിയത് അനാവശ്യമായിരുന്നെന്നും, ഇത് സര്‍വകലാശാലയ്ക്കുള്ളില്‍ വെച്ച് തന്നെ പരിഹരിക്കാന്‍ സാധിക്കുമായിരുന്നു എന്നുമാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രസാദ് പന്ന്യന്‍ ഇട്ട പോസ്റ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍