UPDATES

ജോയിന്റ് സെക്രട്ടറി തലത്തില്‍ സിവില്‍സര്‍വീസിനെ മറികടന്ന് നിയമനം; സ്വകാര്യമേഖലയില്‍നിന്നുള്ള ഒമ്പത് പേര്‍ സര്‍വീസില്‍

സ്വകാര്യമേഖലയില്‍നിന്നുള്ള നിയമനം ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ വാദം

ജോയിന്റ് സെക്രട്ടറി തലത്തില്‍ സിവില്‍ സര്‍വീസില്‍നിന്ന് പുറത്തുനിന്നുള്ള വിദഗ്‌രെ നിയമിക്കാനുള്ള നയം പ്രാവര്‍ത്തികമാക്കി സര്‍ക്കാര്‍. വിവിധ മേഖലകളില്‍നിന്നുള്ള ഒമ്പത് വിദഗ്ദരെ ജോയിന്റ് സെക്രട്ടറി തലത്തില്‍ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സാമ്പത്തിക കാര്യം വ്യോമയാനം, വാണിജ്യം,പരിസ്ഥിതി, വനം കാലവസ്ഥവ്യതിയാനം, റോഡ് ഗതാഗതം തുടങ്ങിയ വകുപ്പുകളിലാണ് വിദഗ്ദരെ നിയമിച്ചത്.

നീതി ആയോഗിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സിവില്‍ സര്‍വീസിന് പുറത്തുനിന്ന് വിദഗ്ദരെ ജോയിന്റ് സെക്രട്ടറി തലത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചത്. മൂന്ന് വര്‍ഷമാണ് ഇവരുടെ കാലവധി. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഇത് അഞ്ച് വര്‍ഷം വരെ നീട്ടാം.

കഴിഞ്ഞ ജൂണിലാണ് സര്‍ക്കാര്‍ വിദ്ഗദരെ ഇന്ത്യന്‍ ഉദ്യോഗസ്ഥ സംവിധാനത്തിലേക്ക് ക്ഷണിച്ചുകൊണ്ട് അപേക്ഷ ക്ഷണിച്ചത്. സാധാരണ ഗതിയില്‍ ഐഎഎസ്, ഐപിഎസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് എന്നിവിടങ്ങളില്‍നിന്നാണ് ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കാറുള്ളത്.

സ്വകാര്യ മേഖലയിലെ വിദഗ്ദരെ സര്‍ക്കാര്‍ സര്‍വീസിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ നിയമിക്കുന്നതിനെതിരെ വ്യാപകമായ എതിര്‍പ്പുണ്ടായിരുന്നു. ഇന്ത്യന്‍ ബ്യുറോക്രസിയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ കാര്യക്ഷമത കൂട്ടാന്‍ ഇത്തരം സമീപനം ആവശ്യമാണെന്ന് സര്‍ക്കാരിനെ അനുകൂലിക്കുന്ന മറ്റൊരു വിഭാഗം പറയുന്നു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ മാത്രമാണ് ഇത് ഉപകരിക്കൂവെന്ന് വിമര്‍ശകര്‍ പറയുന്നു. ഇതിന് പുറമെ ഉന്നത ഉദ്യോഗസ്ഥ തലത്തിലെ സംവരണം അട്ടിമറിക്കപ്പെടാനും ഇത് കാരണമാകുമെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവുമുലം പല തലങ്ങളിലും നിയമനത്തിന് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 6553 ഐഎഎസ് ഉദ്യോഗസ്ഥരെ വേണ്ടിടത്ത് 22 ശതമാനം കുറവാണ് ഉള്ളതെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്. ഐഎഎസുകാരുടെ റിക്രൂട്ട്‌മെന്റ് വര്‍ധിപ്പിച്ചെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനിടയിലാണ് ഉദ്യോഗസ്ഥ സംവിധാനം മെച്ചപ്പെടുത്തുന്നതിന് പുറത്തുനിന്നുള്ള വിദഗ്ദരെ നിയമിക്കാനുള്ള ശുപാര്‍ശ മുന്നോട്ട് വെച്ചത്. ഇതിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ വലിയ പ്രതികരണമാണ് ലഭിച്ചത്. ആറായിരത്തിലധികം അപേക്ഷകളാണ് 10 വകുപ്പുകളിലേക്ക് ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍