UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ നിരോധിച്ചു: കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതിയാണ് (കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

വിഘടനവാദി സംഘടനയായ ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ (ജെകെഎല്‍എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. യാസിന്‍ മാലിക് നേതൃത്വം നല്‍കുന്ന ജെകെഎല്‍എഫിനെ യുഎപിഎ പ്രകാരമാണ് നിരോധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതിയാണ് (കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

1988 മുതല്‍ കാശ്മീര്‍ താഴ് വരയില്‍ വിഘടനാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ജെകെഎല്‍എഫ് എന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് ഗോബ പറഞ്ഞു. 1989ല്‍ ഇവര്‍ കാശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തതായും ആഭ്യന്തര സെക്രട്ടറി ആരോപിച്ചു. യാസിന്‍ മാലിക് ആയിരുന്നു ഈ കൂട്ടക്കൊലയുടെ സൂത്രധാരനും നിരവധി പണ്ഡിറ്റുകള്‍ താഴ്‌വരയില്‍ നിന്ന് പലായനം ചെയ്യാനിടയാക്കിയതും എന്ന് ആഭ്യന്തര സെക്രട്ടറി ആരോപിച്ചു.

സുരക്ഷാ, ഇന്‍ലിജന്‍സ് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നടത്തിയ യോഗങ്ങള്‍ക്ക് ശേഷമാണ് ജെകെഎല്‍എഫിനെ നിരോധിക്കാനുള്ള തീരുമാനമെടുത്തത്. ജെകെഎല്‍എഫിനെ നിരോധിക്കുന്നതിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനാകുമെന്ന് അധികൃതര്‍ അവകാശപ്പെട്ടു. വിവിധ ഏജന്‍സികള്‍ നിലവില്‍ ജെകെഎല്‍എഫിനെതിരെ 37 കേസുകള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാ വിഘടനവാദി സംഘടനകളും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് എന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

ഹൂറിയത് കോണ്‍ഫറന്‍സ് നേതാക്കളില്‍ പലരും ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി കാശ്മീര്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലരും പാകിസ്താനില്‍ നിന്നുള്ള ഭീകര നേതാക്കളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരമെന്ന് പൊലീസ് പറയുന്നു. ഐഎസ്‌ഐ ഉന്നത ഉദ്യോഗസ്ഥന്‍ കേണല്‍ തന്‍വീര്‍ അഹമ്മദ് അടക്കമുള്ളവരുമായും ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍