UPDATES

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി

ഐഎന്‍എക്‌സ് മീഡിയയ്ക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ ക്ലിയറന്‍സ് അനധികൃതമായി ചിദംബരം ധനമന്ത്രിയായിരിക്കെ നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്.

ഐഎന്‍എക്‌സ് മീഡിയ പണ തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്ര ധന മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ജനുവരി 21ന് സിബിഐ നല്‍കിയ അപേക്ഷയിലാണ് കേന്ദ്രം അനുമതി നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സിബിഐ ചിദംബരത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചേക്കും. ഈ മാസം ആദ്യം ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

കൊലക്കേസ് പ്രതികളായ പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും നയിച്ചിരുന്ന ഐഎന്‍എക്‌സ് മീഡിയയ്ക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ ക്ലിയറന്‍സ് അനധികൃതമായി ചിദംബരം ധനമന്ത്രിയായിരിക്കെ നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. 2007ല്‍ ചി 305 കോടി രൂപയുടെ വിദേശ ഫണ്ടിനാണ് ക്ലിയറന്‍സ് നല്‍കിയിരുന്നത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരമാണ് ചിദംബരത്തിനും മകനുമെതിരായ കേസ്. പീറ്റര്‍ മുഖര്‍ജിയേയും ഇന്ദ്രാണി മുഖര്‍ജിയേയും കണ്ടതിനെപ്പറ്റിയും അവര്‍ക്ക് അനധികൃതമായി വിദേശഫണ്ടിന് ക്ലിയറന്‍സ് നല്‍കിയതിനെപ്പറ്റിയും എന്‍ഫോഴ്‌സ്‌മെന്റ് സംഘം ചിദംബരത്തോട് ചോദിച്ചിരുന്നു.

2007 മാര്‍ച്ചില്‍ വിദേശ നിക്ഷേപത്തിന് അനുമതി തേടി ഐഎന്‍എക്സ് മീഡിയ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിനെ (എഫ്‌ഐപിബി) സമീപിച്ചു. ഹിന്ദി എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളടക്കം വിവിധ ടിവി ചാനലുകള്‍ക്കായാണ് പണം ആവശ്യപ്പെട്ടത്. 4.62 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് എഫ്‌ഐപിബി അനുമതി നല്‍കി. അതേസമയം ഡൗണ്‍സ്ട്രീം ഇന്‍വെസ്റ്റ്‌മെന്റിന് അനുമതി നല്‍കിയിരുന്നില്ല.

എന്നാല്‍ വിദേശനിക്ഷേപ വ്യവസ്ഥകള്‍ ലംഘിച്ച് ഐഎന്‍എക്‌സ് ന്യൂസില്‍ 26 ശതമാനം നിക്ഷേപം കൊണ്ടുവന്നതായി സിബിഐ എഫ്‌ഐആര്‍ ആരോപിക്കുന്നു. ഒരേ നിക്ഷേപകരില്‍ നിന്ന് തന്നെ നേരിട്ടല്ലാതെയുള്ള നിക്ഷേപവും സമാഹരിച്ചു. ഇതിലൂടെ 305 കോടിയിലധികം രൂപ നേടി. 2008 മേയില്‍ എഫ്‌ഐപിബി ഐഎന്‍എക്‌സിനോട് ഇത് സംബന്ധിച്ച് വിശദീകരണം തേടിയിരുന്നു. തങ്ങള്‍ക്കെതിരായ നടപടികള്‍ ഒഴിവാക്കുന്നതിനായി ഐഎന്‍ക്‌സ് മീഡിയ കാര്‍ത്തി ചിദംബരവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും കാര്‍ത്തി ചിദംബരത്തിന് (സ്ഥാപനമായ അഡ്വാന്‍ടേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന് (എ എസ് സി പി എല്‍)) 10 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായാണ് സിബിഐ ആരോപിക്കുന്നത്.

കാര്‍ത്തിയുടെ സ്വാധീനത്തില്‍ എഫ്‌ഐപിബി ഉദ്യോഗസ്ഥര്‍ ഐഎന്‍എക്‌സ് മീഡിയയുടെ ചട്ടലംഘനം അവഗണിച്ചെന്നും പുതിയ പ്രൊപ്പോസലിന് അനുമതി നല്‍കിയെന്നും ഇതിന് ധനമന്ത്രിയായിരുന്ന പി ചിദംബരം അംഗീകാരം നല്‍കിയെന്നും സിബിഐ ആരോപിക്കുന്നു. 2018 ഫെബ്രുവരിയില്‍ ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍