UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയെ തള്ളിപ്പറഞ്ഞ വെള്ളാപ്പള്ളിക്കെന്തിന് ‘വൈ കാറ്റഗറി’? കേന്ദ്രം സുരക്ഷ പിന്‍വലിച്ചേക്കും

2016 ജനുവരി 29നാണ് വെള്ളാപ്പള്ളിക്ക്, മോദി സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്. ബിഡിജെഎസ് പാര്‍ട്ടി രൂപീകരിച്ച് ഒരു മാസത്തിന്  ശേഷമായിരുന്നു ഇത്.

ബിജെപിയെ തള്ളിപ്പറഞ്ഞ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കിയിരുന്ന വൈ കാറ്റഗറി സുരക്ഷ പിന്‍വലിക്കുന്നതിനെ പറ്റി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സിഐഎസ്ഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം താന്‍ വൈ കാറ്റഗറി സുരക്ഷ ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. തന്നെ അറിയിച്ചിട്ടല്ല തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയതെന്നും വെള്ളാപ്പള്ളി, ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സംബന്ധിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു .

സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നാല് പൊലീസുകാരെ വെള്ളാപ്പള്ളിയുടെ സുരക്ഷക്ക് നിയോഗിച്ചിരുന്നെങ്കിലും വൈ കാറ്റഗറി സുരക്ഷയെ തുടര്‍ന്ന് ഇത് രണ്ടാക്കി ചുരുക്കിയിരുന്നു. 12 സിഐഎസ്എഫുകാരെയാണ് മൂന്ന് ഷിഫ്റ്റുകളിലായി വെള്ളാപ്പള്ളിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഒരു ഷിഫ്റ്റില്‍ ഒരേസമയം നാല് പേരുണ്ടാകും.

നേരത്തെ ബിജെപിയുമായുള്ള അകല്‍ച്ച നിരന്തരം വ്യക്തമാക്കിയ വെള്ളാപ്പള്ളി നടേശന്‍ എന്‍ഡിഎ തുടരാന്‍ കഴിയില്ലെന്ന് സൂചിപ്പിക്കുകയും എല്‍ഡിഎഫിലേയ്ക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ നിരന്തരം പുകഴ്ത്തുകയും ചെയ്തു. കേരളത്തില്‍ ബിജെപി ഒരു കാലത്തും അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞുവച്ചു.

2016 ജനുവരി 29നാണ് വെള്ളാപ്പള്ളിക്ക്, മോദി സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്. ബിഡിജെഎസ് പാര്‍ട്ടി രൂപീകരിച്ച് ഒരു മാസത്തിന്  ശേഷമായിരുന്നു ഇത്.  ഒരു ഭീകര ഗ്രൂപ്പില്‍ നിന്ന് വെള്ളാപ്പള്ളിക്ക് ഭീഷണി വന്നതായി വാര്‍ത്ത വന്നതിന് പിന്നാലെയാണ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ തന്നേയും കുടുംബത്തേയും വക വരുത്തുമെന്ന് ഭീഷണി കിട്ടിയതായി 2015 നവംബര്‍ മൂന്നിന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍