UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യ അടക്കമുള്ളവര്‍ക്കെതിരായ അനുമതിയില്ലാത്ത രാജ്യദ്രോഹ കുറ്റപത്രം തള്ളി; ഡല്‍ഹി പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമവകുപ്പിന്റെ അനുമതിയില്ലാതെ കുറ്റപത്രം സമര്‍പ്പിച്ചതിനെയാണ് പട്യാല ഹൗ്‌സ് കോടതി ചോദ്യം ചെയ്തത്. അനുമതിയില്ലാതെ എങ്ങനെയാണ് കുറ്റപത്രം സമര്‍പ്പിച്ചത് എന്ന് കോടതി ചോദിച്ചപ്പോള്‍ പത്ത് ദിവസത്തിനകം അനുമതി നേടുമെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ മറുപടി. ജനുവരി 14നാണ് കനയ്യയും ഉമറും അനിര്‍ഭനുമടക്കം പത്ത് വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകര്‍ക്കെതിരായി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 1200 പേജുള്ള കുറ്റപത്രമാണ് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചത്.

2016 ഫെബ്രുവരി ഒമ്പതിന്, പാര്‍ലമെന്റ് ആക്രമണ കേസില്‍ 2013ല്‍ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാണ് പൊലീസിന്റെ ആരോപണം. കനയ്യയും ഉമറും അനിര്‍ഭനുമടക്കമുള്ളവരാണ് ഇതിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് ആരോപിക്കുന്നു. എന്നാല്‍ കനയ്യ അടക്കമുള്ള ഇന്ത്യാവരുദ്ധ മുദ്രാവാക്യം വിളിക്കുന്നതായി ആരോപിച്ച് സീ ന്യൂസ് പുറത്തുവിട്ട വീഡിയോ ടേപ്പ് വ്യാജമാണ് എന്ന് പിന്നീട് തെളിഞ്ഞിരുന്നു. മൂന്ന് പേരും 2016 ഫെബ്രുവരി-മാര്‍ച്ചില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെടുകയും പിന്നീട് ജാമ്യം നേടി പുറത്തിറങ്ങുകയുമായിരുന്നു. അതേസമയം പൊലീസ് ആരോപണത്തില്‍ തന്നെ തുടരുകയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്ന് പ്രതിപക്ഷത്തിന്റെ പൊതുപിന്തുണയോടെ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നതായി കനയ്യ കുമാര്‍ വ്യക്തമാക്കുകയും കനയ്യയെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡി അറിയിയ്ക്കുകയുമുണ്ടായി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സങ്കുചിത രാഷ്ട്രീയലക്ഷ്യത്തോടെയാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് കനയ്യ കുമാറിന്റെ ആരോപണം. രാജ്യത്തിത്തെ വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കുറ്റപത്രമെന്ന് കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍