UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യ ഫാക്ടറികള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതിയെന്ന് ചെന്നിത്തല

നിയമസഭയില്‍ പ്രഖ്യാപിക്കാതെ, നയപ്രഖ്യാപനത്തിലോ ബഡ്ജറ്റിലോ പറയാതെ, പത്രങ്ങളില്‍ പരസ്യം നല്‍കിയ അപേക്ഷ ക്ഷണിച്ച് സുതാര്യമായി നടത്തുന്നതിന് പകരം രഹസ്യമായാണ് ഇവ അനുവദിച്ചത്.

സംസ്ഥാനത്ത് പുതിയ നാല് മദ്യനിര്‍മ്മാണ ശാലകള്‍ അനുവദിച്ചതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓരോ ബ്രൂവറി വീതവും തൃശൂര്‍ ജില്ലയില്‍ ഒരു ഡിസ്റ്റിലറിയുമാണ് രഹസ്യമായി അനുവദിച്ചത്. 1999ന് ശേഷം ഇതാദ്യമായാണ് ബ്രൂവറി അനുവദിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് സാലറി ചാലഞ്ച് അല്ല, ബ്രൂവറി, ഡിസ്റ്റിലറി ചാലഞ്ച് ആണെന്ന് ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രിയാണോ എക്‌സൈസ് മന്ത്രിയാണോ അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എറണാകുളം കിന്‍ഫ്ര പാര്‍ക്കില്‍ 10 ഏക്കര്‍ സ്ഥലം പുതിയ ബ്രൂവറി തുടങ്ങാന്‍ വിട്ടുകൊടുത്തതിന്റെ സര്‍ക്കാര്‍ ഉത്തരവും ചെന്നിത്തല ചൂണ്ടിക്കാട്ടി.

നിയമസഭയില്‍  പ്രഖ്യാപിക്കാതെ നയപ്രഖ്യാപനത്തിലോ ബഡ്ജറ്റിലോ  പറയാതെയാണ് സര്‍ക്കാര്‍ നടപടി. പത്രങ്ങളില്‍ പരസ്യം നല്‍കിയ അപേക്ഷ ക്ഷണിച്ച് സുതാര്യമായി നടത്തുന്നതിന് പകരം രഹസ്യമായാണ് ഇവ അനുവദിച്ചത്. അനുമതി കിട്ടിയവര്‍ മാത്രമാണ് കാര്യം അറിഞ്ഞത്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൊന്നും ഈ ഉത്തരവ് വന്നിട്ടില്ല. പുതിയ ഡിസ്റ്റിലറികള്‍ അനുവദിക്കരുതെന്നായിരുന്നു 1999ലെ തീരുമാനം. കണ്ണൂരിലെ കെസ് ഡിസ്റ്റിലറിയുടേയും തൃശൂരിലെ എലൈറ്റ് ഡിസ്റ്റിലറിയുടേയും ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്ത് അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു. അതേസമയം എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഡിസ്റ്റിലറിക്കും ബ്രൂവറികള്‍ക്കും അനുമതി നല്‍കിയിരിക്കുന്നതെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു. ചെന്നിത്തലയുടെ ആരോപണം പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍