UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനത്തിന് എതിരായ ഹര്‍ജി: വാദം കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കേണ്ട സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായതിനാലാണ് താന്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവായതെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു.

സിബിഐ ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവുവിനെ നിയമിച്ചതിന് എതിരായ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്മാറി. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ നീക്കിയ സാഹചര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കേണ്ടതുണ്ട്. സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായതിനാലാണ് താന്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവായതെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു.

നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചത് നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി കോമണ്‍കോസ് എന്ന എന്‍ജിഒ ആണ് അഡ്വ.പ്രശാന്ത് ഭൂഷണ്‍ മുഖേന കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപടി ഡല്‍ഹി പൊലീസ് സ്‌പെഷല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ ലംഘനമാണെന്നും പരാതിക്കാര്‍ പറയുന്നു.

ജസ്റ്റീസ് എ കെ സിക്രി അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. അലോക് വര്‍മ്മയെ സി ബി ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത സമിതിയില്‍ എ കെ സിക്രി അംഗമായിരുന്നു.

ഡയറക്ടറായിരുന്ന അലോക് വര്‍മയും സ്‌പെഷല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഇരുവരേയും നിര്‍ബന്ധിത അവധിയില്‍ വിടുകയും അലോക് വര്‍മയെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തത്. ഇതേതുടര്‍ന്ന് നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിക്കുകയായിരുന്നു. അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് സുപ്രീം കോടതി പുനസ്ഥാപിച്ചെങ്കിലും പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി ജസ്റ്റ്‌സി എകെ സിക്രിയും ഉള്‍പ്പെട്ട കമ്മിറ്റി അലോക് വര്‍മയെ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. ഫയര്‍ സര്‍വീസസ് വിഭാഗം തലവനായുള്ള നിയമനം അംഗീകരിക്കാതെ അലോക് വര്‍മ രാജി വയ്ക്കുകയും ചെയ്തു. സര്‍വീസ് കാലാവധി കഴിഞ്ഞ തന്നെ ഇത്തരത്തില്‍ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനം തള്ളിയത്. അസ്താനയേയും സിബിഐയില്‍ നിന്ന് മാറ്റിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍