UPDATES

സെന്‍കുമാര്‍ കേസ്: സര്‍ക്കാര്‍ മാപ്പ് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി; സുപ്രീംകോടതിയില്‍ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി

വിധി നടപ്പാക്കാന്‍ വൈകിയത് നിയമോപദേശം കാത്തിരുന്നതിനാലാണ്. കോടതിവിധിയില്‍ വ്യക്തത തേടി അപേക്ഷ നല്‍കിയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്.

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയില്‍ മാപ്പപേക്ഷിക്കുകയും കോടതിയലക്ഷ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വിഷയത്തില്‍ നിരുപാധികം മാപ്പ് ചോദിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. വെറും അരമണിക്കൂറിന്റെ വ്യത്യാസത്തിലാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലപാടെടുത്തത് എന്നത് ശ്രദ്ധേയമാണ്.

സെന്‍കുമാര്‍ കേസില്‍ മാസങ്ങളായി തുടരുന്ന നിയമപോരാട്ടം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. വിധി നടപ്പാക്കാന്‍ വൈകിയെന്നാരോപിച്ച് സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ, കേസില്‍ കൂടുതല്‍ തിരിച്ചടികള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാരിന്റെ നീക്കം.

ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം

സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെങ്കില്‍ നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിധി നടപ്പാക്കാന്‍ വൈകിയത് നിയമോപദേശം കാത്തിരുന്നതിനാലാണ്. കോടതിവിധിയില്‍ വ്യക്തത തേടി അപേക്ഷ നല്‍കിയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. വിധി നടപ്പാക്കിയ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും നളിനി നെറ്റോ അപേക്ഷ നല്‍കി.

‘I tender my unqualified apology for any aspect on my conduct which this Hon’ble Court construes not to be in accordance with its order.

I also submit that I have acted expeditiously, and according to legal advice, after duly consulting the Law Secretary and the Advocate General, in the facts and circumstances of the case. Hence this Hon’ble Court may be pleased to drop the contempt proceedings and pass an order closing the same.’ എന്നാണ് നളിനി നെറ്റോ പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്

“കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ആവശ്യമായ വിശദീകരണം തേടുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഈ വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ല. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയില്‍ വ്യക്തത തേടി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്”. സെന്‍കുമാര്‍ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഈ നിലപാട് സ്വീകരിച്ചത്.

സെന്‍കുമാറിന് പൊലീസ് മേധാവിയായി പുനര്‍നിയമനം നല്‍കാനുള്ള സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടിയതിന്റെ പേരില്‍ സര്‍ക്കാരിന് മേല്‍ പിഴ ചുമത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 25,000 രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കാന്‍ മാത്രമാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഈ പണം ബാലനീതി ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനും കോടതി ആവശ്യപ്പെട്ടതായി അദ്ദേഹം നിയമസഭയെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍