UPDATES

വിപണി/സാമ്പത്തികം

എല്ലാ തുറമുഖങ്ങളിലും നേപ്പാളിന് വ്യാപാര അനുമതി നല്‍കി ചൈന; ഇന്ത്യക്ക് തിരിച്ചടി

നിലവില്‍ കൊല്‍ക്കത്ത തുറമുഖം വഴിയാണ് നേപ്പാളിന്റെ ചരക്കുനീക്കം കൂടുതലും നടക്കുന്നത്. ഇതിന് മൂന്ന് മാസം വരെ സമയമെടുക്കും. കൊല്‍ക്കത്തയ്ക്ക് പുറമെ വിശാഖപട്ടണത്തും നേപ്പാളിന് വ്യാപാരത്തിന് ഇന്ത്യ അനുമതി നല്‍കിയിരുന്നു.

തങ്ങളുടെ എല്ലാ തുറമുഖങ്ങളിലും നേപ്പാളിന് വ്യാപാരത്തിനും ചരക്ക് നീക്കത്തിനും അനുമതി നല്‍കിക്കൊണ്ട് ഇന്ത്യക്ക് ചൈന നല്‍കിയിരിക്കുന്നത് വന്‍ തിരിച്ചടി. ഇതുവരെ ഇന്ത്യന്‍ തുറമുഖങ്ങളെയാണ് നേപ്പാള്‍ വ്യാപാരത്തിനായി ആശ്രയിച്ചിരുന്നത്. ഈ നടപടി ഇന്ത്യക്ക് തിരിച്ചടിയാണെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയുമായും മറ്റ് രാജ്യങ്ങളുമായി വ്യാപാരത്തിനും ചരക്ക് നീക്കത്തിനും സഹായിക്കുന്ന വിധം എല്ലാ തുറമുഖങ്ങളിലും അനുമതി നല്‍കിക്കൊണ്ടുള്ള ട്രാന്‍സിറ്റ പ്രോട്ടോകോളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വച്ചു. ഇന്ത്യ നേപ്പാളിലേയ്ക്കുള്ള ചരക്ക് നീക്കം തടയുകയും ഭാഗികമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്ന 2016 മാര്‍ച്ച് സമയത്താണ് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി, ചൈന സന്ദര്‍ശിച്ച് ഇത്തരമൊരു കരാറില്‍ ഒപ്പ് വച്ചത്.

ടിയാന്‍ജിന്‍, ഷെന്‍സെന്‍, ലിയാങ് ഗാങ്, സാങ് സിയാങ് എന്നീ തുറമുഖങ്ങളും ലാന്‍സിന്‍, ലാസ, ഷിഗാറ്റ്‌സെ തുടങ്ങിയ ഡ്രൈ പോര്‍ട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ കൊല്‍ക്കത്ത തുറമുഖം വഴിയാണ് നേപ്പാളിന്റെ ചരക്കുനീക്കം കൂടുതലും നടക്കുന്നത്. ഇതിന് മൂന്ന് മാസം വരെ സമയമെടുക്കും. കൊല്‍ക്കത്തയ്ക്ക് പുറമെ വിശാഖപട്ടണത്തും നേപ്പാളിന് വ്യാപാരത്തിന് ഇന്ത്യ അനുമതി നല്‍കിയിരുന്നു. അതേസമയം ചൈനീസ് അതിര്‍ത്തിയിലെ റോഡുകള്‍ വളരെ മോശമായതിനാല്‍ ചൈനയുമായുള്ള നേപ്പാളിന്റെ വ്യാപാരവും ചൈന വഴിയുള്ള ചരക്ക് നീക്കങ്ങളും ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന അഭിപ്രായം പല വ്യാപാരികള്‍ക്കുമുണ്ടെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. മാത്രമല്ല നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് ഏറ്റവും അടുത്തുള്ള ചൈനീസ് തുറമുഖത്തേയ്ക്കുള്ള ദൂരം 2600 കിലോമീറ്ററാണ്. റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നേപ്പാള്‍ കാര്യമായി വികസിപ്പിക്കേണ്ടി വരും ചൈന തുറമുഖങ്ങള്‍ വഴിയുള്ള വ്യാപാരം സുഗമമാകാനെന്ന് കമ്പളി കാര്‍പ്പറ്റ് വ്യാപാരിയായ അനൂപ് മല്ല പറയുന്നു.

നേപ്പാള്‍ അതിര്‍ത്തിയിലേയ്ക്കുള്ള റോഡ് അടക്കമുള്ള അടിസ്ഥാന വികസന പദ്ധതികള്‍ ചൈന ദ്രുതഗതിയില്‍ നടപ്പാക്കുന്നുണ്ട്. റെയില്‍വേ ലൈനും ഇലക്ട്രിക് ട്രാന്‍സ്മിഷന്‍ ലൈനും സ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളും ചര്‍ച്ചയിലാണ്. സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ചും ചര്‍ച്ച പുരോഗമിക്കുന്നു. ഉദാരമായി സാമ്പത്തിക സഹായവും ചൈന നേപ്പാളിന് നല്‍കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍