UPDATES

ട്രെന്‍ഡിങ്ങ്

ബിജു പ്രഭാകര്‍ വ്യാജ ഐഎഎസ് എന്നു രാജു നാരായണസ്വാമി; കൃഷി വകുപ്പില്‍ പോര് മുറുകുന്നു

കൃഷി വകുപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ബിജു പ്രഭാകര്‍ ഒരു മാസത്തെ അവധിക്ക് അപേക്ഷിച്ചിട്ടുണ്ട്

കൃഷി വകുപ്പിലെ ഐഎഎസ് പോര് ശക്തമാകുന്നു. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമിയും ഡയറക്ടര്‍ ബിജു പ്രഭാകരും തമ്മിലുള്ള ശീതയുദ്ധമാണ് മറനീക്കി പൊതുഇടത്തിലേക്ക് വന്നിരിക്കുന്നത്. വകുപ്പ് ഡയറക്ടര്‍ ബിജുപ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബിജു പ്രഭാകറിന് ഐഎഎസ് നല്‍കിയവര്‍ കുടുങ്ങുമെന്ന് സ്വാമി പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ട്. ബിജു പ്രഭാകറിന്റെ ഐഎഎസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് രാജു നാരായണസ്വാമി വ്യക്തമാക്കി.

കൃഷി വകുപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ബിജു പ്രഭാകര്‍ ഒരു മാസത്തെ അവധിക്ക് അപേക്ഷിച്ചിട്ടുണ്ട്. ജോലി ചെയ്താലും വിജിലന്‍സ് കേസുകളില്‍ കുരുക്കുകയാണെന്ന് ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു. തീരുമാനം എടുക്കില്ല എന്നു തീരുമാനിച്ച ഉദ്യോഗസ്ഥരുള്ള നാട്ടില്‍ താനും ആ വഴിയെ പോകുന്നതാണ് നല്ലതെന്നും ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. രാജു നാരായണ സ്വാമിക്കൊപ്പം ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റ പരിശീലപരിപാടിയില്‍ വിദേശവിദഗ്ധനെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയുമായി ഉള്ള അഭിപ്രായ വ്യത്യാസമാണ് ബിജു പ്രഭാകറെ ദീര്‍ഘാവധിയിലേക്കു പോകാന്‍ പ്രകോപിച്ചിരിക്കുന്നതെന്നു കരുതുന്നു. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഹൈ ഡെന്‍സിറ്റി ഫാമിങ് പരിപാടിയുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നിന്നുള്ള ക്ലിഫ്‌ലവ് എന്നയാളെ പങ്കെടുപ്പിച്ചതിന്റെ ഫയല്‍ ബിജു പ്രഭാകറിനോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യത്തില്‍ വീണ്ടും പഴികേള്‍ക്കേണ്ടി വരുമെന്നു ചൂണ്ടിക്കാട്ടിയാണ് ബിജു പ്രഭാകര്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാറിന് അവധി അപേക്ഷ നല്‍കിയിരിക്കുന്നതെന്നാണ് സൂചന. പാറ്റൂര്‍ ഭൂമി വിവാദം, മുക്കുന്നിമല ഭൂമി തിരിച്ചു പിടിക്കല്‍ കേസുകളില്‍ തനിക്കു നേരിട്ടു പങ്കിലാതിരുന്നിട്ടും പ്രതിയാക്കപ്പെട്ടതിനെ കുറിച്ചും കഴിഞ്ഞ ദിവസത്തെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. അതേസമയം ഉദ്യോഗസ്ഥരുടെ പോരിനെക്കുറിച്ചു പ്രതികരിച്ച മന്ത്രി വി എസ് സുനില്‍കുമാര്‍ ഇത് അനാവശ്യമായ കാര്യമാണെന്നും സര്‍ക്കാര്‍ എല്‍പ്പിച്ച ജോലികള്‍ ചെയ്യുകയാണ് ഇരുവരും വേണ്ടതെന്നും മാധ്യമങ്ങളോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍