UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കും; നാളെ മുതല്‍ കൂടുതല്‍ ബോട്ടുകള്‍; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

കൂടുതല്‍ ബോട്ടുകളും ഹേലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തന രംഗത്തെത്തും. പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിച്ച് രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കും. എറണാകുളം ജില്ലയില്‍ 2500 പേരെയും പത്തനംതിട്ട ജില്ലയില്‍ 580 പേരെയും ഇതുവരെ രക്ഷപെടുത്തി. കൂടുതല്‍ ബോട്ടുകളും ഹേലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തന രംഗത്തെത്തും. വ്യോമ-നാവിക സേനകളുടെ കൂടുതല്‍ യൂണിറ്റുകള്‍ വെള്ളിയാഴ്ച്ച എത്തും. നാളെ മുതല്‍ 200 ബോട്ടുകള്‍ കൂടി രംഗത്തെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

12 ഹെലികോപ്റ്ററുകള്‍ നാളെ രാവിലെ സജ്ജമാകും. എറണാകുളം, പത്തനംതിട്ട തൃശൂര്‍ മേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലായിരിക്കും ഇവയെ നിയോഗിക്കുക. ഇതോടെ 23 ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തന രംഗത്തുണ്ടാകും. തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെ ബോട്ടുകളും സഹായത്തിനെത്തും. രക്ഷാപ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും സംയുക്ത പ്രവര്‍ത്തനമാണ്. വിവിധ ഏജന്‍സികള്‍ ഏകോപനത്തോടെ നടത്തുന്ന രക്ഷാപ്രവര്‍ത്തനവും ഒഴിപ്പിക്കല്‍ നടപടിയും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. നാളെ തന്നെ ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി പ്രകടിപ്പിച്ചു. പൂര്‍ണമായും രക്ഷാപ്രവര്‍ത്തനം സൈന്യത്തിന് കൈമാറണം എന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുന്നില്ല. ഇപ്പോള്‍ തന്നെ നേവിയുടെയും ആര്‍മിയുടേയും എല്ലാ സഹായവുമുണ്ടെന്നും കൂടുതല്‍ എന്‍ഡിആര്‍എഫ് (ദുരന്ത നിവാരണ സേന) യൂണിറ്റുകളും രംഗത്തെത്തുന്നതോടെ തിതിഗതികള്‍ നിയന്ത്രവിധേയമാകും എന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.

സോഷ്യല്‍മീഡിയ വഴിയും മറ്റും വ്യാജ പ്രചാരണങ്ങള്‍ നടത്തി ഭീതി പരത്തുകയും അരക്ഷിതാവസ്ഥയുണ്ടാക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിച്ച് രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍