UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തകര്‍ന്ന മുംബയ് സി എസ് ടി പാലം അജ്മല്‍ കസബ് ഉപയോഗിച്ചത്‌

ഈ പാലത്തിലൂടെ നടന്നുപോകുമ്പോളാണ് ഫോട്ടോഗ്രാഫര്‍ സെബാസ്റ്റ്യന്‍ ഡിസൂസ കസബിനെ പകര്‍ത്തിയത്.

മുംബയ് ഛത്രപത്രി ശിവജി മഹാരാജ് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ വൈകീട്ട്് തകര്‍ന്നുവീണ കാല്‍നട മേല്‍പ്പാലം 2008ലെ മുംബയ് ഭീകരാക്രമണ സമയത്ത് ലഷ്‌കര്‍ ഭീകരരായിരുന്ന അജ്മല്‍ കസബും ഇസ്മായില്‍ ഖാനും ഉപയോഗിച്ചിരുന്നു. 2008 നവംബര്‍ 26ന് ഈ പാലത്തില്‍ നിന്ന് സിഎസ്ടി സ്‌റ്റേഷന്റെ പാസഞ്ചര്‍ ഹാളിലേയ്ക്ക് എകെ 47കളുമായി കടന്നാണ് ആളുകള്‍ക്ക് നേരെ ഇരുവരും വെടിയുതിര്‍ത്തത്. ഇതിനെ കസബ് പാലം എന്നും പ്രദേശവാസികള്‍ വിളിച്ചിരുന്നു. ഇന്നലത്തെ അപകടത്തില്‍ ആറ് പേര്‍ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ പാലത്തിലൂടെ സമീപത്തുള്ള കാമ ആശുപത്രിയിലേയ്ക്ക് നീങ്ങുമ്പോള്‍ ഭീകരര്‍ ജനക്കൂട്ടത്തിന് നേരെ ഗ്രനേഡുകള്‍ എറിഞ്ഞു. 58 പേര്‍ കൊല്ലപ്പെടുകയും 104 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പാലത്തിലൂടെ നടന്നുപോകുമ്പോളാണ് ഫോട്ടോഗ്രാഫര്‍ സെബാസ്റ്റ്യന്‍ ഡിസൂസ കസബിനെ പകര്‍ത്തിയത്. കസബിനെതിരായ കുറ്റം തെളിയിക്കുന്നതിന് സഹായകമായത് പ്രധാനമായും ഈ ഫോട്ടോയാണ്.

1984ല്‍ നിര്‍മ്മിച്ച പാലം സുരക്ഷാപരിശോധനയ്ക്ക് വിധേയമായിരുന്നു. പാലം സുരക്ഷിതമാണ് എന്നാണ് ആറ് മാസം മുമ്പ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട്. അന്ധേരിയില്‍ കഴിഞ്ഞ വര്‍ഷം 40 വര്‍ഷത്തെ പഴക്കമുള്ള സമാനമായ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കനത്ത മഴയില്‍ തകര്‍ന്നിരുന്നു. നേരത്തെ സെന്‍ട്രല്‍ മുംബൈയിലെ പ്രഭാദേവി സ്റ്റേഷനിലെ എല്‍ഫിന്‍സ്റ്റണ്‍ ബ്രിഡ്ജ് തകര്‍ന്ന് 23 പേര്‍ മരിച്ചിരുന്നു. സിഎസ്ടി ടെര്‍മിനല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്. സെന്‍ട്രല്‍ റെയില്‍വേയുടെ ആസ്ഥാനം ഇവിടെയാണ്. 2500ഓളം ട്രെയിനുകള്‍ ഒരു ദിവസം വന്നുപോകുന്നു. എഴ് ലക്ഷത്തിലധികം യാത്രക്കാരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍