UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എന്നെ പിന്തുണക്കാവുന്നതാണ്: പ്രകാശ് രാജ്

ബിജെപിയുടെ ‘ഓപ്പറേഷന്‍ കമല’ ദൊമ്പരാട്ടം (സര്‍ക്കസ്) മാത്രമാണെന്നും പ്രകാശ് രാജ് പരിഹസിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന തന്നെ കോണ്‍ഗ്രസിന് പിന്തുണക്കാവുന്നതാണ് എന്ന് നടന്‍ പ്രകാശ് രാജ്. ട്വിറ്ററിലൂടെയടക്കം ബംഗളൂരു സെന്‍ട്രലില്‍ താന്‍ മത്സരിക്കാനുദ്ദേശിക്കുന്ന കാര്യം, കടുത്ത ബിജെപി-സംഘപരിവാര്‍, മോദി വിമര്‍ശകനായ പ്രകാശ് രാജ് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് പ്രകാശ് രാജ് പരോക്ഷമായി കോണ്‍ഗ്രസിന്റെ പിന്തുണ തേടിയത്. വര്‍ഗീയ ശക്തികള്‍ക്കെതിരെയാണ് മഹാസഖ്യത്തിന്റെ പോരാട്ടമെങ്കില്‍ താനും ഇതിന്റെ ഭാഗമാണ് എന്ന് പ്രകാശ് രാജ് വ്യക്തമാക്കി. ന്യൂനപക്ഷ സമുദായക്കാരാണ് മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും.

താന്‍ ജനിച്ചുവളര്‍ന്ന, സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ, നാടകരംഗത്ത് പ്രവര്‍ത്തിച്ച പ്രദേശമാണിതെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. തനിക്ക് ജനങ്ങള്‍ നല്‍കിയ സഹായത്തിനും പിന്തുണക്കും തിരിച്ചും നല്‍കേണ്ട സമയമാണെന്നും പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദം കേള്‍പ്പിക്കുകയാണ് ഉദ്ദേശമെന്നും പ്രകാശ് രാജ് പറഞ്ഞു. തിരഞ്ഞെടുപ്പുകള്‍ ജാതിയുടേയും പണക്കൊഴുപ്പിന്റേയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി പോരാടാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഏതെങ്കിലും സമുദായങ്ങളെ പ്രീണിപ്പിക്കാനും അവയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുകയാണ്. താന്‍ ഒരു സമുദായത്തിനും എതിരല്ലെന്നും എന്നാല്‍ വര്‍ഗീയതയ്ക്ക് എതിരാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി. താന്‍ ബിജെപിക്കെതിരെ മാത്രമേ സംസാരിക്കുന്നുള്ളൂ, അവരെ മാത്രമേ വിമര്‍ശിക്കുന്നുള്ളൂ എന്ന തരത്തിലുള്ള ആരോപണവും വിമര്‍ശനവും ശരയില്ലെന്നും വര്‍ഗീയ രാഷ്ട്രീയവുമായി മുന്നോട്ട് പോകുന്ന എല്ലാ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും താന്‍ എതിരാണെന്നും പ്രകാശ് രാജ് പറഞ്ഞു.

ജനങ്ങളുമായി സംസാരിച്ചും ചര്‍ച്ച ചെയ്തും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കിയും പ്രകടന പത്രിക വരുംദിവസവങ്ങളില്‍ പുറത്തിറക്കുമെന്നും പ്രകാശ് രാജ് അറിയിച്ചു. ബിജെപിയുടെ ‘ഓപ്പറേഷന്‍ കമല’ ദൊമ്പരാട്ടം (സര്‍ക്കസ്) മാത്രമാണെന്നും പ്രകാശ് രാജ് പരിഹസിച്ചു. കര്‍ണാടകയില്‍ ഭരണകക്ഷി എംഎല്‍എമാരെ (ജെഡിഎസ്, കോണ്‍) തങ്ങളുടെ പാളയത്തിലേയ്ക്ക് കൊണ്ടുവന്ന് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ആവിഷ്‌കരിച്ചിരിക്കുന്ന തന്ത്രമാണ് ഓപ്പറേഷന്‍ കമല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍