UPDATES

ട്രെന്‍ഡിങ്ങ്

“നോട്ട് നിരോധനം കോണ്‍ഗ്രസിനെ പാപ്പരാക്കി, അതുകൊണ്ടാണ് അവര്‍ വിമര്‍ശിക്കുന്നത്”: മോദി

മകനെ നഷ്ടപ്പെട്ട ഒരു വൃദ്ധന്‍ പോലും ഒരു വര്‍ഷത്തിനകം ആ ആഘാതത്തില്‍ നിന്ന് മുക്തി നേടും. എന്നാല്‍ നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് രണ്ട് വര്‍ഷമായിട്ടും കോണ്‍ഗ്രസ് ഇനിയും കര കയറിയിട്ടില്ല – മോദി പരിഹസിച്ചു.

നോട്ട് നിരോധനം കോണ്‍ഗ്രസിനെ പാപ്പരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരു കുടുംബവുമാണ് നോട്ട് നിരോധനത്തെ പറ്റി പരാതി പറയുന്നത്. നാല് തലമുറകള്‍ക്ക് വേണ്ടി അവര്‍ അപഹരിച്ച പണം മുഴുവന്‍ നഷ്ടമായതാണ് അവരെ വിഷമിപ്പിക്കുന്നത്. മധ്യപ്രദേശിലെ ഷഹ്‌ദോളില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. മകനെ നഷ്ടപ്പെട്ട ഒരു വൃദ്ധന്‍ പോലും ഒരു വര്‍ഷത്തിനകം ആ ആഘാതത്തില്‍ നിന്ന് മുക്തി നേടും. എന്നാല്‍ നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് രണ്ട് വര്‍ഷമായിട്ടും കോണ്‍ഗ്രസ് ഇനിയും കര കയറിയിട്ടില്ല – മോദി പരിഹസിച്ചു. നോട്ട് നിരോധനം തുടക്കത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും താന്‍ അതിന് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

കള്ളപ്പണ വേട്ട ശക്തമായി തുടരുമെന്ന് മോദി പറഞ്ഞു. കിടക്കയ്ക്കടിയിലും അലമാറകളിലും സേഫുകളിലും ബാങ്കുകളിലുമായി വച്ചിരുന്ന കള്ളപ്പണം നോട്ട് നിരോധനം മൂലം പിടിക്കാനായെന്ന് മോദി അവകാശപ്പെട്ടു. കോണ്‍ഗ്രസ് ജാതിയുടേയും മതത്തിന്റേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുമ്പോള്‍ ബിജെപി വികസനത്തിന്റെ രാഷ്ട്രീയത്തിലാണ് ശ്രദ്ധിക്കുന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു പിന്നോക്ക സംസ്ഥാനമായിരുന്നു. എന്നാല്‍ ബിജെപി ഭരണത്തില്‍ അത് വികസന പാതയില്‍ മുന്നേറുകയാണ്. കോണ്‍ഗ്രസ് വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണ്. കര്‍ണാടകയില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തു. ഇപ്പോള്‍ കൃഷിക്കാര്‍ക്കെതിരെ കേസ് എടുക്കുകയാണ്.

കോണ്‍ഗ്രസ്, ബിജെപി ബന്ധങ്ങളുള്ള സിന്ധ്യ കുടുംബത്തിന്റ ശക്തി കേന്ദ്രമായ ഗ്വാളിയോറില്‍ ജ്യോതിരാദിത്യ സിന്ധ്യയെ ലക്ഷ്യം വച്ചാണ് മോദി പ്രസംഗിച്ചത്. മുത്തശിയും ബിജെപി മുന്‍ നേതാവുമായ രാജമാത വിജയരാജെ സിന്ധ്യയുടെ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ചാണ് മോദി സംസാരിച്ചത്. അടിയന്തരാവസ്ഥ കാലത്ത് എന്തിനാണ് മുത്തശിയെ 19 മാസം ജയിലിലിട്ടതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ചോദിക്കണമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണസമിതി ചെയര്‍മാനായ ജ്യോതിരാദിത്യയോട് മോദി ആവശ്യപ്പെട്ടു. ധൈര്യമുണ്ടെങ്കില്‍ നിങ്ങളുടോ പാര്‍ട്ടി നേതൃത്വത്തോട് ചോദിക്കൂ – എന്തിനാണ് അവരെ ജയിലിലിട്ട് പീഡിപ്പിച്ചതെന്ന്. അവര്‍ നിരപരാധി ആയിരുന്നെങ്കില്‍ എന്തിനീ പാപം ചെയ്തുവെന്ന്. കോണ്‍ഗ്രസ് എപ്പോഴും ഒരു കുടുംബത്തിന്റെ കാര്യ മാത്രമാണ് നോക്കുന്നത് – മോദി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനെ മോദി വെല്ലുവിളിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ ഭാവി നിര്‍ണയിക്കാനാകും. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ എട്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ എട്ട് ഭാഷകളില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പരിഹസിച്ചു. പിസിസി അധ്യക്ഷന്‍ കമല്‍നാഥിനേയും ജ്യോതിരാദിത്യ സിന്ധ്യയേയും ഉദ്ദേശിച്ചാണ് മോദി പ്രധാനമായും ഇക്കാര്യം പറഞ്ഞത്. അതേസമയം മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് മറ്റ് നേതാക്കളുമായി അകല്‍ച്ചയിലാണ്. ദിഗ് വിജയ് സിംഗും ജ്യോതിരാദിത്യയും തമ്മില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത തിരഞ്ഞെടുപ്പ് പരിപാടിക്കിടെ വാക്കേറ്റമുണ്ടായിരുന്നു. അതേസമയം ഗ്വാളിയോര്‍ അടക്കമുള്ള പലയിടങ്ങളിലും മോദിയുടെ റാലിക്കുള്ള അത്രയുമോ കൂടുതലോ ജനപങ്കാളിത്തം ജ്യോതിരാദിത്യ സിന്ധ്യയുടെ റാലികള്‍ക്കുണ്ടെന്ന തരത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

നിങ്ങളുടെ മുത്തച്ഛനും മുത്തശ്ശിയുമാണോ വെള്ളത്തിന് പൈപ്പിട്ടത്?” രാഹുല്‍ ഗാന്ധിയോട് നരേന്ദ്ര മോദി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍