UPDATES

വാര്‍ത്തകള്‍

ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സഖ്യമുറപ്പിച്ചു; പക്ഷെ രണ്ട് സീറ്റില്‍ ‘സൗഹൃദ മത്സരം’

നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയാണ് സഖ്യം പ്രഖ്യാപിച്ചത്.

ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുറപ്പിച്ചു. അഞ്ച് ഘട്ടങ്ങളിലായി ഏപ്രില്‍ 11, 18, 23, 29, മേയ് ആറ് തീയതികളിലായി ആറ് ഘട്ടങ്ങളിലായാണ് ജമ്മു കാശ്മീരില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും എന്ന് കരുതിയിരുന്നെങ്കിലും ഇതുണ്ടായില്ല. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇരു പാര്‍ട്ടികളും സഖ്യമുറപ്പിച്ചത്.

കാശ്മീര്‍ താഴ്‌വരയില്‍ മൂന്ന് സീറ്റുകളും ജമ്മുവില്‍ രണ്ട് സീറ്റുകളും ലഡാക് സീറ്റുമടക്കം ആറ് ലോക്‌സഭ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ അനന്ത് നാഗ് സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം അനന്ത്‌നാഗ്, ബാരാമുള്ള, ശ്രീനഗര്‍ – ബഡ്ഗാം എന്നീ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ജമ്മു സീറ്റുകളും ലഡാക്കും ഒഴിച്ചിടുകയാണ് നാഷണല്‍ കോണ്‍ഫറന്‍സ് ചെയ്തത്.

നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയാണ് സഖ്യം പ്രഖ്യാപിച്ചത്. ജമ്മുവിലും ഉധംപൂരിലും കോണ്‍ഗ്രസ് മത്സരിക്കും. ശ്രീനഗറില്‍ താനായിരിക്കും സ്ഥാനാര്‍ത്ഥി എന്നും ഫാറൂഖ് അബ്ദുള്ള അറിയിച്ചു. അതേസമയം അനന്ത്‌നാഗ് ബാരാമുള്ള സീറ്റുകളില്‍ ഇരു പാര്‍ട്ടികളും ‘സൗഹൃദ മത്സരം’ നടത്തുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. കോണ്‍ഗ്രസ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സൗഹൃദമത്സരമായിരിക്കും ബാരാമുള്ളയിലും അനന്ത്‌നാഗിലും നടക്കുകയെന്ന് ഗുലാം നബി ആസാദ് ആവര്‍ത്തിച്ചു. വാശിയേറി മത്സരമായിരിക്കില്ല ഇരു പാര്‍ട്ടികളും തമ്മില്‍ ആര് ജയിച്ചാലും അത് സഖ്യത്തിന് ഗുണമായിരിക്കും – ആസാദ് പറഞ്ഞു. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിച്ച് ബിജെപിക്ക് ഗുണം ലഭിക്കില്ല എന്ന് ഉറപ്പുവരുത്തും. സഖ്യം ദേശീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും രാജ്യത്തെ മതനിരപേക്ഷ കക്ഷികളെ സഖ്യം ശക്തിപ്പെടുത്തുമെന്നും ഗുലാം നബി ആസാദ് അവകാശപ്പെട്ടു. ശ്രീനഗറില്‍ പൊതു സ്ഥാനാര്‍ത്ഥിയായ ഫാറൂഖ് അബ്ദുള്ളയ്ക്ക് വേണ്ടി പ്രചാരണം നടത്തും. 2014ല്‍ സഖ്യമായി മത്സരിച്ച ഇരു പാര്‍ട്ടികള്‍ക്കും ഒന്നും കിട്ടിയിരുന്നില്ല. ജമ്മുവിലെ രണ്ട് സീറ്റുകളും ലഡാകും ബിജെപി ജയിച്ചപ്പോള്‍ കാശ്മീര്‍ താഴ്‌വരയിലെ മൂന്ന് സീറ്റുകളും പിഡിപിയാണ് നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍