UPDATES

വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി രണ്ടാം സീറ്റില്‍ മത്സരിക്കണോ? കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന് തീരുമാനിക്കും; വയനാട് ചര്‍ച്ചയ്ക്ക് പിന്നില്‍ ഗ്രൂപ്പ് പോരെന്ന് നേതാക്കള്‍

രാഹുല്‍ വയനാട് മത്സരിക്കില്ലെന്ന് തന്നെയാണ് ദേശീയ നേതാക്കള്‍ പറയുന്നത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി 2004 മുതല്‍ അദ്ദേഹം പ്രതിനിധീകരിച്ച് വരുന്ന ഉത്തര്‍പ്രദേശിലെ അമേഥിക്ക് പുറമെ മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കണോ, ഉണ്ടെങ്കില്‍ അത് ദക്ഷിണേന്ത്യയിലെ ഒരു സീറ്റായിരിക്കുമോ, അത് വയനാട് ആയിരിക്കുമോ തുടങ്ങിയ കാര്യങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന് തീരുമാനമെടുത്തേക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്ന വാര്‍ത്തയും ചര്‍ച്ചകളും കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ഭാഗമായി വരുന്നതാണ് എന്ന് എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഹുല്‍ വയനാട് മത്സരിക്കില്ലെന്ന് തന്നെയാണ് ദേശീയ നേതാക്കള്‍ പറയുന്നത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ഈ ചര്‍ച്ചയ്ക്ക് കാരണമായത്. പ്രവര്‍ത്തകസമിതി അംഗം പിസി ചാക്കോ ഇന്നലെ വ്യക്തമാക്കിയതും ഇതാണ് – രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ സമ്മതിച്ചു എന്ന് പറഞ്ഞാലും അത് വസ്തുതാവിരുദ്ധമാണ് എന്ന്. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമാണ് വയനാട് മത്സര ചര്‍ച്ച വ്യക്തമാക്കുന്നതാണ് ചാക്കോയുടെ പ്രസ്താവന.

കോണ്‍ഗ്രസ് ബിജെപിയെ ദേശീയ തലത്തില്‍ നേരിടുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഇടതുപാര്‍ട്ടികളുമായി മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തയെ തുടര്‍ന്ന്, അമേഥിയില്‍ തന്നോട് തോല്‍ക്കുമെന്ന് പേടിച്ച് രാഹുല്‍ ഒളിച്ചോടിയെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പരിഹസിച്ചിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ സ്മൃതി ഇറാനിയും വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. “ഭാഗ് രാഹുല്‍ ഭാഗ്” (ഓട് രാഹുല്‍ ഓട്) എന്ന പേരിലുള്ള ഹാഷ് ടാഗും സ്മൃതി ഇറാനി അവതരിപ്പിച്ചിരുന്നു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസി ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചതായും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നുമാണ് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നത്. അതേസമം കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല കരുതലോടെയാണ് പ്രതികരിച്ചത്. അമേഥിയാണ് രാഹുലിന്റെ കര്‍മ്മ മണ്ഡലം എന്നോര്‍മ്മിച്ച സൂര്‍ജെവാല കേരളത്തിലെ പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും വികാരങ്ങളും സ്‌നേഹബഹുമാനങ്ങളും ആദരവോടെ കാണുന്നതായും ഗൗരവമായി ഇക്കാര്യം പരിഗണിക്കുന്നതായും പറഞ്ഞു. പൂര്‍ണമായും തള്ളിയില്ലെങ്കിലും ഇതുവരെ ഇത് സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ല എന്ന് സൂര്‍ജെവാല വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതിനിടെ ഘടകക്ഷി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടിലേയ്ക്ക് സ്വാഗതം ചെയ്യുകയും വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന കരുതപ്പെട്ടിരുന്ന ടി സിദ്ദിഖ് താന്‍ സന്തോഷത്തോടെ പിന്മാറുന്നതായി അറിയിക്കുകയും വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങുകയും ചെയ്തിരുന്നു. രാഹുല്‍ ബിജെപിയെ നേരിടാതെ ഇടതുപക്ഷത്തോട് മത്സരിക്കുന്നത് ദേശീയതലത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍