ഹിന്ദു, മുസ്ലീം സംഘടനകള്‍ തമ്മില്‍ സമവായമുണ്ടാക്കി അവിടെ ഒരു യൂണിവേഴ്‌സിറ്റി നിര്‍മ്മിക്കണം – സിസോദിയ പറഞ്ഞു. അവിടെ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വിദേശികള്‍ക്കുമെല്ലാം പഠിക്കാം.
അയോധ്യയില്‍ ബാബറി മസ്ജിദ് നിന്നിരുന്നിടത്ത് സര്‍വകലാശാലയുണ്ടാക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ. വിദ്യാഭ്യാസത്തിലൂടെയാണ് രാമരാജ്യമുണ്ടാക്കേണ്ടത് എന്നും ക്ഷേത്രം നിര്‍മ്മിച്ചല്ല എന്നും മനീഷ് സിസോദിയ പറഞ്ഞു. ഹിന്ദു, മുസ്ലീം സംഘടനകള്‍ തമ്മില്‍ സമവായമുണ്ടാക്കി അവിടെ ഒരു യൂണിവേഴ്‌സിറ്റി നിര്‍മ്മിക്കണം – എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സിസോദിയ പറഞ്ഞു. അവിടെ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വിദേശികള്‍ക്കുമെല്ലാം പഠിക്കാം. നമ്മുടെ കുട്ടികളെ പഠിപ്പിച്ചാണ് രാമരാജ്യമുണ്ടാക്കേണ്ടത്. ക്ഷേത്രമുണ്ടാക്കിയല്ല. അയോധ്യ രാമക്ഷേത്രത്തില്‍ എഎപിയുടെ നിലപാട് അന്വേഷിച്ചപ്പോളാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയ ഇക്കാര്യം പറഞ്ഞത്.
ഞാന്‍ ജപ്പാനിലെ യൂണിവേഴ്‌സിറ്റിയില്‍ പോയപ്പോള്‍ അവിടെ ആളുകള്‍ സംസാരിക്കുന്നത് ഹൈഡ്രജന്‍ ഇന്ധനമാക്കി കാറുകള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതകളെപ്പറ്റിയാണ്. ഇവിടെ നമ്മള്‍ ട്വിറ്ററില്‍ ഹനുമാന്റെ ജാതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഹിന്ദുത്വ അജണ്ടകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെയാണ് വൈസ് ചാന്‍സലര്‍മാരായി നിയമിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് വാചകമടിക്കും. എന്നാല്‍ പ്രവൃത്തി വിജയ് മല്യയെ പോലെയാണ്.
ഡല്‍ഹി പൊലീസ് ഡല്‍ഹി സര്‍ക്കാരിന് കീഴിലായിരിക്കണം. ഡല്‍ഹിയില്‍ വിവിധ ഗവണ്‍മെന്റുകള്‍ അധികാരം നിയന്ത്രിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഉത്തരവുകല്‍ നടപ്പാക്കാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നു. നടപടികള്‍ മുന്നോട്ടുപോകുന്നില്ല. ഷീല ദീക്ഷിത് സര്‍ക്കാര്‍ ഡല്‍ഹിയില്‍ ഒന്നും ചെയ്തില്ലെന്നും സിസോദിയ കുറ്റപ്പെടുത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും പഞ്ചാബിലും ഹരിയാനയിലും എഎപി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സിസോദിയ പറഞ്ഞു.