UPDATES

ട്രെന്‍ഡിങ്ങ്

ദമ്പതികളുടേത് കൊലപാതകം; ചിട്ടിക്കമ്പനി ഉടമ പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്ന് മരണമൊഴി

പൂട്ടി പോയ ബി ആന്‍ഡ് ബി ചിട്ടിക്കമ്പിനി ഉടമ കോമന കൃഷ്ണാലയം സുരേഷിനെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു

കിട്ടാനുള്ള പണം ചോദിച്ച് ചിട്ടിക്കമ്പനി ഉടമയുടെ വീട്ടില്‍ കുത്തിയിരുന്നതിന് പെട്രോള്‍ ഒഴിച്ച് കത്തിച്ച ദമ്പതികളില്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. ഇടുക്കി രാജാക്കാട് കുമരംകുന്ന് കീരിത്തോട്ടില്‍ വേണു (54), ഭാര്യ സുമ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അമ്പലപ്പുഴയില്‍ പൂട്ടി പോയ ബി ആന്‍ഡ് ബി ചിട്ടിക്കമ്പിനി ഉടമ കോമന കൃഷ്ണാലയം സുരേഷിനെ (സുരേഷ് ഭക്തവത്സലന്‍) അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ദമ്പതികള്‍ സുരേഷിന്റെ വീട്ടിലെത്തി കുത്തിയിരുന്നു. രാത്രി എട്ടുമണിയ്ക്ക് ശേഷം പെട്രോളൊഴിച്ച് കത്തിച്ച് നിലയില്‍ കിടന്നിരുന്ന ഇവരെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

അമ്പലപ്പുഴ സിഐ എം.വിശ്വംഭരന്‍ പറയുന്നത്, വേണുവിന്റെ ജ്യേഷ്ഠന്റെ മകളുടെ കല്യാണത്തിന് സ്വര്‍ണം വാങ്ങുന്നതിനായി കിട്ടാനുള്ള പണത്തിനായി ശനിയാഴ്ച രാവിലെ ദമ്പതിമാര്‍ സുരേഷിനെ ഫോണില്‍ വിളിച്ചിരുന്നു. ചിട്ടിക്കമ്പനിയില്‍ 3.60 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ദമ്പതികള്‍ക്ക് 1.80 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്. ബാക്കിത്തുക നല്‍കാനാവില്ലെന്നായിരുന്നു സുരേഷിന്റെ നിലപാട്. ഈ പണത്തിനായിട്ടായിരുന്നു സുരേഷിനെ ദമ്പതികള്‍ വിളിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഇരുവരും സുരേഷിന്റെ വീട്ടിലെത്തി കുത്തിയിരുന്നു. തുടര്‍ന്ന് സുരേഷും ദമ്പതികളും തമ്മില്‍ വാക്കേറ്റവുമുണ്ടായി. രാത്രിയായിട്ടും ദമ്പതികള്‍ മടങ്ങിയില്ല. ഇതിനിടെയാണ് ഇവര്‍ക്ക് തീപ്പെള്ളലേറ്റത്. എട്ടുമണിയോടെ സംഭവം അറിഞ്ഞ് എത്തിയ അമ്പലപ്പുഴ എസ്‌ഐ എം.പ്രതീഷ് കുമാറും സംഘവും എത്തുമ്പോള്‍ ദമ്പതിമാരുടെ ശരീരം കത്തുകയായിരുന്നു. പോലീസ് വെള്ളമൊഴിച്ച് തീയണച്ചശേഷം ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ വേണുവും രാത്രി പത്തരയോടെ സുമയും മരിച്ചു.

സുരേഷ് പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നുവെന്ന് മരിക്കുംമുമ്പ് ദമ്പതിമാര്‍ പോലീസിനും ഡോക്ടര്‍ക്കും മൊഴി നല്‍കിയിരുന്നു. എന്നാല്‍ കസ്റ്റഡിയിലുള്ള സുരേഷ് പോലീസിനോട് പറയുന്നത് ദമ്പതികള്‍ തന്റെ വീടിന് മുമ്പില്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നവെന്നാണ്. സംഭവം നടക്കുമ്പോള്‍ താന്‍ വീട്ടിലില്ലായിരുന്നുവെന്നും തിരിച്ച് വീട്ടില്‍ വന്നപ്പോഴാണ് ആത്മഹത്യ ശ്രമം കാണുന്നതെന്നുമാണ് സുരേഷ് പോലീസിന് നല്‍കിയ മൊഴി. പൊള്ളലേറ്റവരെ രക്ഷപ്പെടുത്താന്‍ സുരേഷ് ശ്രമിച്ചില്ലെന്ന് പോലീസ് പറഞ്ഞു. കേസില്‍ ദമ്പതിമാരുടെ മരണമൊഴിയും സുരേഷിന്റെ വാദവും വിശദമായ അന്വേഷിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സിഐ അറിയിച്ചു.

സുരേഷ് 2013-ല്‍ അമ്പലപ്പുഴ കച്ചേരിമുക്കില്‍ ചിട്ടിക്കമ്പനി നടത്തിയിരുന്നു. ഇത് പൂട്ടിപോയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ ഇടപാടുകാര്‍ നല്‍കിയ പരാതികളില്‍ 17 കേസുകളുണ്ട്. കൊല്ലം ക്രൈംബ്രാഞ്ചാണ് ഈ കേസുകള്‍ അന്വേഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍