UPDATES

ദിലീപിന് ജാമ്യമില്ല, 25 വരെ റിമാന്‍ഡില്‍

ദിലീപിന് ജാമ്യം നല്‍കരുതെന്നും ദിലീപിനെ പോലെ വലിയ സ്വാധീനമുള്ളൊരാള്‍ ജാമ്യം കിട്ടി പുറത്തുനിന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനുമുള്ള സാദ്ധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. ദിലീപിന് ജാമ്യം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ദിലീപിന് ജാമ്യം നല്‍കരുതെന്നും ദിലീപിനെ പോലെ വലിയ സ്വാധീനമുള്ളൊരാള്‍ ജാമ്യം കിട്ടി പുറത്തുനിന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമുള്ള സാദ്ധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ഈ മാസം 25 വരെയാണ് ദിലിപീനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ദിലീപിനെ ആലുവ സബ് ജയിലിലേയ്ക്ക് തന്നെ കൊണ്ടുപോകും. നാളെ കോടതി അവധിയായതിനാല്‍ തിങ്കളാഴ്ച ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.

സോഷ്യല്‍ മീഡിയയില്‍ ദിലീപിന്‍റെ കുറ്റം ആഘോഷിക്കപ്പെടുകയും ദിലീപിന് വലിയ പിന്തുണ നല്‍കാനുള്ള ശ്രമം നടക്കുന്നതായും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയുടെ സ്വാധീനം കൊണ്ടുള്ള പ്രചാരണമാണിത്. ദിലീപിന്റെ അഭിമുഖങ്ങളിൽ നടിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു.
അതേസമയം ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം. ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ദിലീപിനെതിരെയുള്ളത് ഒരു കൊടുംകുറ്റവാളിയുടെ മൊഴി മാത്രമാണ്. അതു വിശ്വസിച്ചാണു പൊലീസ് മുന്നോട്ടുപോകുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ട് പൂര്‍ണമായും കളവാണ്. കത്തിലെഴുതിയ കാര്‍ നമ്പറിന് പ്രാധാന്യമില്ല. മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും കിട്ടിയെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുത്. മാധ്യമങ്ങള്‍ ജഡ്ജി ചമയുകയാണെന്നും പ്രതിഭാഗം പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍