UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമരം എന്ത് നേടാന്‍ എന്നത് മുതലാളിമാരുടെ ചോദ്യം, സിപിഐയുടേത് ഇടതുപക്ഷ നിലപാട്: പിണറായിക്കും കാരാട്ടിനും കാനത്തിന്റെ മറുപടി

സിപിഐയുടെ നിലപാടിനെ പറ്റി കാരാട്ട് വിശദീകരിക്കേണ്ടതുണ്ട്. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് പ്രകാശ് കാരാട്ട് വിശദീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.

കേരളത്തില്‍ പൊലീസ് രാജ് ആണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഭവങ്ങളാണ് നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരം കൊണ്ട് എന്ത് നേടി എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പണ്ട് മുതലാളിമാര്‍ ചോദിച്ചിരുന്നതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പണ്ട് ട്രേഡ് യൂണിയന്‍ സമരങ്ങളോട് മുതലാളിമാര്‍ ഇങ്ങനെ പ്രതികരിച്ചിരുന്നു – കാനം പറഞ്ഞു. ജിഷ്ണുവിന്‍റെ കുടുംബം സമരം കൊണ്ട് എന്ത് നേടിയെന്നും എന്തിനായിരുന്നു സമരമെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു. കാനത്തിന് പ്രശ്ന പരിഹാരത്തില്‍ ഒരു പങ്കും ഇല്ലെന്നും പിണറായി പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു കാനം രാജേന്ദ്രന്‍. ഞാനാണ് സമരം തീര്‍ത്തതെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലെന്നും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായും അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനുമായും ഈ വിഷയം ഞാന്‍ സംസാരിച്ചിട്ടുള്ള കാര്യം അദ്ദേഹത്തിന് അറിയാമെന്നും കാനം പറഞ്ഞു.

ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതിപക്ഷ നേതാക്കളല്ല, ഇടതുപക്ഷ നേതാക്കളാണെന്ന് ഓര്‍ക്കണമെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രതികരണം. പ്രകാശ് കാരാട്ടിനും കാനം മറുപടി നല്‍കി. സിപിഐയുടെ നിലപാടിനെ പറ്റി കാരാട്ട് വിശദീകരിക്കേണ്ടതുണ്ട്. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് പ്രകാശ് കാരാട്ട് വിശദീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു. ഇതിനെ സിപിഐ എതിര്‍ത്തിരുന്നു. ഇത് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ നിലപാട്. ഇതെങ്ങനെ പ്രതിപഷ നിലപാടാകും? സിപിഎമ്മുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐ തയ്യാറാണ്.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ സര്‍ക്കാര്‍ നയമാണ്. എല്‍ഡിഎഫിന് ഇക്കാര്യത്തില്‍ ഒറ്റ നിലപാടേ ഉള്ളൂ. മുഖ്യമന്ത്രി തന്നെ ഇക്കാര്യം നിയമസഭയിലടക്കം വ്യക്തമാക്കിയിട്ടുണ്ട്. ഒരു മന്ത്രി ഇതിനെതിരെ പറഞ്ഞ് നടക്കുന്നത് പരിശോധിക്കണമെന്നും കാണാം ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതിനോട് യോജിപ്പില്ല. എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്നത് തടയുകയാണ് സിപിഐ ചെയ്യുന്നത്. രമണ്‍ ശ്രീവാസ്തവയെ കുറിച്ച് കേള്‍ക്കുമ്പോള്‍ കരുണാകരനേയും സിറാജുന്നീസയേയുമാണ്‌ ഓര്‍മ്മ വരുന്നത്. എന്നാല്‍ അത്തരം നിയമനങ്ങളില്‍ തല്‍ക്കാലം അഭിപ്രായം പറയുന്നില്ല. എംഎം മണിയെ പോലുള്ള വലിയ നേതാക്കള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ ആളല്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. അദ്ദേഹം ഇടതുമുന്നണിക്ക് വലിയ സംഭാവനകള്‍ നല്‍കിയ നേതാവാണ്‌. ജയരാജനോക്കെ വലിയ ആളുകളല്ലേ, എന്നും മലയാള ഭാഷയ്ക്കുള്ള അദ്ദേഹത്തിന്‍റെ സംഭാവനയാണ് മേലാവി എന്ന വാക്കെന്നും കാനം പരിഹസിച്ചു. കാനം രാജേന്ദ്രനെ ഇടതുപക്ഷ മുന്നണിയുടെ മേലാവിയായി ആരും നിയമിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. രൂക്ഷ വിമര്‍ശനമാണ് ഇ പി ജയരാജന്‍ നടത്തിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍