UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎമ്മിനോട്‌ ഈ ‘സ്മൈല്‍’ വേണ്ട: കെ ഇ ഇസ്മയിലിനെതിരെ സിപിഐയുടെ അച്ചടക്ക നടപടി

പാര്‍ട്ടി നിലപാടിനെതിരെ ചാനലില്‍ പ്രതികരിച്ചെന്ന് കണ്ടെത്തിയാണ് നടപടി. കൂടുതല്‍ നടപടിക്ക് ദേശീയ നിര്‍വാഹക സമിതിയോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.

തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി വിരുദ്ധ നിലപാടുമായി സിപിഎമ്മിനെ പിന്തുണച്ച കെ.ഇ.ഇസ്മയിലിനെതിരെ സിപിഐയുടെ അച്ചടക്ക നടപടി. എല്‍ഡിഎഫ് പ്രതിനിധി സ്ഥാനത്ത് നിന്ന് ദേശീയ എക്‌സിക്യുട്ടീവ് അംഗമായ ഇസ്മയിലിനെ സിപിഐ ഒഴിവാക്കി. സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയാണ് നടപടിയെടുത്തത്. പാര്‍ട്ടി നിലപാടിനെതിരെ ചാനലില്‍ പ്രതികരിച്ചെന്ന് കണ്ടെത്തിയാണ് നടപടി. കൂടുതല്‍ നടപടിക്ക് ദേശീയ നിര്‍വാഹക സമിതിയോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവരാകും ഇനി മുതല്‍ എല്‍ഡിഎഫിലെ സിപിഐ പ്രതിനിധികള്‍.

അതേസമയം, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന നടപടിക്ക് പാര്‍ട്ടി അംഗീകാരം നല്‍കിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് ശരിയായില്ലെന്നുമുള്ള ഇസ്മയിലിന്റെ പ്രസ്താവനയാണ് വിവാദമായത്. യോഗത്തില്‍ ആരും ഇസ്മയിലിനെ പിന്തുണച്ചില്ല എന്നാണ് റിപ്പോര്‍ട്ട്. സിപിഐ നിലപാടില്‍ നിന്ന് വ്യത്യസ്തമായി തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നായിരുന്നു ഇസ്മയില്‍ നേരത്തെ പറഞ്ഞത്.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് സിപിഐയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും ഇസ്മയില്‍ പറഞ്ഞിരുന്നു. തന്നോട് പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ല. തോമസ് ചാണ്ടിയുടെ രാജിക്ക് ഇടയാക്കിയ സിറോ ജെട്ടി റോഡ് നിര്‍മാണത്തിന് എംപി ഫണ്ട് അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണ്. പ്രാദേശിക നേതൃത്വം ശുപാര്‍ശ ചെയ്തതനുസരിച്ച് സംസ്ഥാന നേതൃത്വം അപേക്ഷ പരിശോധിച്ചു. ഈ അപേക്ഷയിലാണു റോഡിന് ഫണ്ട് അനുവദിച്ചത്. ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ ഇതുവരെ പോയിട്ടില്ല. അവിടുത്തെ ആതിഥ്യം സ്വീകരിച്ചിട്ടില്ലെന്നുമാണ് മുന്‍ മന്ത്രി കൂടിയായ കെ.ഇ.ഇസ്മയില്‍ പറഞ്ഞത്.

എകെ ശശീന്ദ്രന് ഇനി പട്ടുപരവതാനി; സിപിഐ നിലപാടെന്താ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍