UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശിക്കെതിരെ കടുത്ത നടപടിയില്ല; ആറ് മാസത്തെ സസ്‌പെന്‍ഷന്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു

ശശിക്കെതിരെ കൂടുതല്‍ നടപടികള്‍ വേണ്ടെന്നാണ് ദ്വയാംഗ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി തീരുമാനം.

ഡിവൈഎഫ്‌ഐ വനിത നേതാവ് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ ആറ് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാന നേതൃത്വത്തിന്റെ നടപടിക്ക് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം. സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയുമാണ് ശശിയെ ആറ് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ശശിക്കെതിരെ കൂടുതല്‍ നടപടികള്‍ വേണ്ടെന്നാണ് ദ്വയാംഗ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി തീരുമാനം.

അന്വേഷണത്തിലും നടപടിയിലും അതൃപ്തിയറിയിച്ച് പരാതിക്കാരി രണ്ടാമതും കേന്ദ്ര നേതൃത്വത്തെ സമീപിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു. യുവതിയുടെ പരാതി സ്വമേഥയാ ഉള്ളതെന്ന് കരുതാനാകില്ലെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണ്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി എകെ ബാലനും പികെ ശ്രീമതി എംപിയുമാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.

പീഡന പരാതിയില്‍ പികെ ശശി എംഎല്‍എയെ ന്യായീകരിക്കുന്ന തരത്തിലുള്ള സിപിഎം ജില്ലാകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. പകൽ സമയം പാര്‍ട്ടി ഓഫീസില്‍ വെച്ച് പികെ ശശി അപമര്യാദയായി പെരുമാറിയെന്ന് കരുതാനാവില്ല. പരാതി പ്രകാരം ജില്ലാ സമ്മേളന സമയത്താണ് സംഭവം നടക്കുന്നത്. എന്നാല്‍ സമ്മേളനത്തോട് അനുബന്ധിച്ച് തിരക്കുള്ള സമയത്ത് ഇത്തരത്തില്‍ അപമര്യാദയായി പെരുമാറാന്‍ സാധ്യത കാണുന്നില്ലെന്നും, പരാതി നൽകാൻ എട്ടുമാസം വൈകിയെന്നത് സംശയാസ്പദമാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പികെ ശശിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദനും കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചിരുന്നു. സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നാണ് വിഎസിന്റെ ആവശ്യം. ഇന്ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍, പ്രത്യേക ക്ഷണിതാവായ വിഎസ് പങ്കെടുക്കാത്ത സാഹചര്യത്തിലാണ് കത്തിലൂടെ നിലപാട് അറിയിച്ചത്. ഇതേ വിഷയമുന്നയിച്ച് വി.എസ് കേന്ദ്ര നേതൃത്വത്തിന് അയയ്ക്കുന്ന രണ്ടാമത്തെ കത്താണിത്.

ഒരു ചെറിയ കാലത്തേക്കെങ്കിലും പികെ ശശിക്ക് വേണ്ടി ലെനിനിസ്റ്റ് സംഘടനാ തത്വം വഴിമാറി നിന്നത് നാണക്കേടാണ് സഖാക്കളെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍