UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാദ പരാമര്‍ശങ്ങള്‍: എംഎം മണിയെ പരസ്യമായി ശാസിക്കാന്‍ സിപിഎം തീരുമാനം

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ദേവീകുളം സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ ചെറ്റയെന്നും കോന്തനെന്നും മറ്റും വിളിച്ച് മണി പൊതുയോഗത്തില്‍ അധിക്ഷേപിച്ചിരുന്നു.

തുടര്‍ച്ചയായ അസഭ്യ പ്രയോഗങ്ങളും വിവാദ പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മന്ത്രി എംഎം മണിയെ പരസ്യമായി ശാസിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. മണിയുടെ തുടര്‍ച്ചയായ വിവാദ പ്രസംഗങ്ങള്‍ പാര്‍ട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി.

പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതു പരാമര്‍ശങ്ങള്‍ നടത്തിയതിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സഖാവ് എംഎം മണിയെ പരസ്യമായി ശാസിക്കാന്‍ എ വിജയരാഘവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു – ഇതാണ് സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ദേവീകുളം സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ ചെറ്റയെന്നും കോന്തനെന്നും മറ്റും വിളിച്ച് മണി പൊതുയോഗത്തില്‍ അധിക്ഷേപിച്ചിരുന്നു. പൊമ്പിളയ് ഒരുമയ്‌ സമരം പരാമര്‍ശിക്കുകയും ഇതുമായി ബന്ധപ്പെട്ടും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായതും സ്ത്രീ വിരുദ്ധമായ അശ്ലീല പരാമര്‍ശങ്ങള്‍ മണി നടത്തിയിരുന്നു. ഇതിന് മുന്‍പ് ജിഷ്ണുവിന്റെ അമ്മ മഹിജയെ അപമാനിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി മണി പ്രസ്താവനകള്‍ നടത്ത്തിയതും വലിയ വിവാദമായി. ഇത് രണ്ടാം തവണയാണ് എംഎം മണി പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിടുന്നത്. 2012ല്‍ തൊടുപുഴയ്ക്ക് സമീപം മണക്കാട് വച്ച് നടത്തിയ വിവാദ വണ്‍, ടു, ത്രീ പ്രസംഗത്തെ തുടര്‍ന്ന്‍ മണിയെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍