UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്ക് വിറ്റതില്‍ സാമ്പത്തിക ക്രമക്കേട്‌: സിപിഎം കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനെ നീക്കി, തരം താഴ്ത്തി

4.10 കോടി രൂപയ്ക്ക് വിറ്റതായാണ് രേഖകളെങ്കിലും യഥാര്‍ത്ഥ വില്‍പ്പന നടന്നത് 5.20 കോടിക്കാണെന്നുമാണ് ആരോപണം.

സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്ക് വിറ്റതില്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സിപിഎം സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ടി കൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് കണ്ണൂര്‍
ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തുകയും ചെയ്തു. ജില്ലാ കമ്മിറ്റിയംഗം വിജി പത്മനാഭനെ താക്കീത് ചെയ്യാനും പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം കെപി സുരേഷ് കുമാറിനെ കൊളയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാനും സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്ണൂര്‍ പേരാവൂരില്‍ 2010ല്‍ ജനങ്ങളില്‍ നിന്ന് ഓഹരി പിരിച്ച തുടങ്ങിയ സഹകരണ ആശുപത്രി, നഷ്ടത്തിലാണെന്ന് പറഞ്ഞ് മൂന്ന് വര്‍ഷം മുമ്പ് 4.10 കോടി രൂപയ്ക്ക് സ്വകാര്യ വ്യക്തിക്ക് വിറ്റിരുന്നു. എന്നാല്‍ വില്‍പ്പന സഹകരണ വകുപ്പ് റദ്ദാക്കുകയും ലേലം നടത്തുകയും ചെയ്തു. പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ നടന്ന ഈ വില്‍പ്പനയില്‍ ക്രമക്കേട് നടന്നതായാണ് ആരോപണം. 4.10 കോടി രൂപയ്ക്ക് വിറ്റതായാണ് രേഖകളെങ്കിലും യഥാര്‍ത്ഥ വില്‍പ്പന നടന്നത് 5.20 കോടിക്കാണെന്നുമാണ് ആരോപണം. ലേലത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ണാടകയിലെ വ്യവസായ ഗ്രൂപ്പിന് ലേലത്തില്‍ നിന്നൊഴിയാന്‍ 38 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായും ആരോപണമുണ്ട്.

ജയിംസ് മാത്യു എംഎല്‍എ, പി ഹരീന്ദ്രന്‍ എന്നിവരുള്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. 2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് ടി കൃഷ്ണനെ ആദ്യമായി കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഈ വര്‍ഷത്തെ തൃശൂര്‍ സംസ്ഥാന സമ്മേളനവും കൃഷ്ണനെ തന്നെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. പരാതികളും അച്ചടക്ക നടപടികള്‍ക്കെതിരായ അപ്പീലുകളും പരിഗണിക്കുന്ന സമിതിയാണ് സിപിഎം കണ്‍ട്രോള്‍ കമ്മീഷന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍