UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഐ രാഷ്ട്രീയ ശത്രുക്കളെ സഹായിച്ചെന്ന് കോടിയേരി; ചാണ്ടിയുടെ രാജി നീട്ടിയവരാണ് സഹായം നല്‍കിയതെന്ന് സിപിഐ

തോമസ് ചാണ്ടി രാജി വച്ചതിന്റെ ഖ്യാതി തട്ടിയെടുക്കാനാണ് സിപിഐ ശ്രമിച്ചതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജി പ്രശ്‌നത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. ഡല്‍ഹിയില്‍ ചേര്‍ന്ന് സിപിഎം അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ യോഗം സിപിഐയുടെ നടപടിയെ വിമര്‍ശിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐയെ കടന്നാക്രമിച്ചത്. തോമസ് ചാണ്ടി രാജി വച്ചതിന്റെ ഖ്യാതി തട്ടിയെടുക്കാനാണ് സിപിഐ ശ്രമിച്ചതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.

മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച സിപിഐ ശത്രുപക്ഷത്തുള്ളവര്‍ക്ക് ആഹ്ലാദിക്കാന്‍ അവസരമൊരുക്കിയെന്ന് കോടിയേരി ആരോപിച്ചു. സോളാര്‍ കേസില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് സിപിഐ ആയുധം നല്‍കി. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയല്ല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ വിട്ടു നിന്നത് അപക്വമായ നടപടിയാണ്· സിപിഐ നടപടി മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ല. കയ്യടികള്‍ സ്വന്തമാക്കുകയും വിമര്‍ശനങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നതു ശരിയല്ല. തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് തലേന്ന് തന്നെ സിപിഐയ്ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നിട്ടും അവര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു. അതേസമയം ഇത് സിപിഐയുമായുള്ള സിപിഎമ്മിന്‍റെ മുന്നണി ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും മറിച്ചുള്ള അഭിപ്രായങ്ങള്‍ മനപായസം ഉണ്ണുന്ന ചില കോണ്‍ഗ്രസ്കാരുടെതാണ് എന്നും കോടിയേരി അഭിപ്രായപ്പെട്ടു. തോമസ് ചാണ്ടിയുടെ രാജിക്ക് ഉപാധിയില്ല. എന്നാല്‍ എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്നും കോടിയേരി പറഞ്ഞു.

അതേസമയം കോടിയേരിയുടെ വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്തെത്തി. തോമസ്‌ ചാണ്ടി രാജി വക്കാതിരുന്നതാണ് ശത്രുക്കള്‍ക്ക് ആയുധം നല്‍കിയതെന്ന് സിപിഐ തിരിച്ചടിച്ചു. തലേദിവസം പോയിട്ട് മന്ത്രിസഭാ യോഗത്തിന്‍റെ അന്ന് രാവിലെ പോലും തോമസ്‌ ചാണ്ടിയുടെ രാജി സംബന്ധിച്ച് യാതൊരു അറിയിപ്പും സിപിഐക്കോ തങ്ങളുടെ മന്ത്രിമാര്‍ക്കോ കിട്ടിയിട്ടില്ലെന്ന് പ്രകാശ് ബാബു വ്യക്തമാക്കി. നിയമലംഘനം നടത്തിയെന്ന് വ്യക്തമായിട്ടും രാജി വക്കാതെ സര്‍ക്കാരിനെതിരെ കേസ് കൊടുത്ത് ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ച് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും ഏറ്റുവാങ്ങി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാത്തയാള്‍ക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നാണ് സിപിഐയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസിനേയും യുഡിഎഫിനെയും പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചത് തോമസ്‌ ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടുപോയതാണ് എന്നും പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. അതേസമയം മുന്നണി ബന്ധത്തെ ഈ അഭിപ്രായ വ്യത്യാസം ഒരു തരത്തിലും ബാധിക്കില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായി മുന്നോട്ട് പോകുമെന്നും പ്രകാശ് ബാബു പറഞ്ഞു.

നേരത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന നടപടിയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ന്യായീകരിച്ചിരുന്നു. സിപിഐ മന്ത്രിമാരുടെത് അസാധാരണ നടപടിയാണ് എന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ അസാധാരണ സാഹചര്യമാണ് അസാധാരണ നടപടിക്ക് കാരണമായത് എന്നായിരുന്നു സിപിഐ പത്രമായ ജനയുഗത്തിന്‍റെ മുഖപ്രസംഗം. പാര്‍ട്ടി നിലപാടാണ് ജനയുഗത്തിന്‍റെ മുഖപ്രസംഗമെന്ന് കാനം വ്യക്തമാക്കിയിരുന്നു.

പിണറായി ശരിക്കും ചാക്കോ മാഷാണ്; കാനം ആടു തോമയും; ഇടതു സര്‍ക്കാരിന്റെ സ്പന്ദനം മാത്തമറ്റിക്സും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍